ദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. അത് കൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ഹൃദയ സംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരു നാരങ്ങയിൽ 31 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
നാരങ്ങ വെള്ളം കുടിക്കുന്നത് ഉപാപചയ നിരക്ക് വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്താനും നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകൾ അലിയിക്കാനും സഹായിക്കും. ദിവസവും വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്തുന്നതിന് ഗുണം ചെയ്യും. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
നാരങ്ങ വെള്ളം കരളിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ പിത്തരസം ഉൽപാദനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നാരങ്ങയിലെ ലയിക്കുന്ന നാരായ പെക്റ്റിൻ്റെ സാന്നിധ്യം കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രാവിലെ ചെറുചൂടുള്ള ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലുള്ള ദോഷവശങ്ങൾ എന്തൊക്കെ?
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ചില ദോഷവശങ്ങൾ കൂടിയുണ്ട്. വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതിൻ്റെ പാർശ്വഫലമാണ് ആസിഡ് റിഫ്ലക്സ്. നാരങ്ങയുടെ ഉയർന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ ആസിഡ് റിഫ്ലക്‌സിന് ഇടയാക്കും. അസിഡിറ്റി പ്രശ്നമുള്ളവർ വെറുംവയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
വെറും വയറ്റിൽ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിക്കുന്നതിൻ്റെ പ്രധാന പാർശ്വഫലങ്ങളിലൊന്നാണ് പല്ലിൻ്റെ ഇനാമൽ തേയ്മാനം. നാരങ്ങാ വെള്ളത്തിന്റെ അസിഡിറ്റി പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ബ്രഷ് ചെയ്യുന്നതിന് മുൻപ് നാരങ്ങ വെള്ളം കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് പല്ലിലെ ഇനാമലിൻ്റെ സംരക്ഷിത പാളിയെ നശിപ്പിക്കും.
വെറും വയറ്റിൽ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് സെൻസിറ്റീവ് വയറുള്ള ചിലരിൽ വയറിന് അസ്വസ്ഥത ഉണ്ടാക്കും. ഇത് ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.
നാരങ്ങ വെള്ളം ചില മരുന്നുകളുമായി ഇടപഴകുകയും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഉദാഹരണത്തിന്, നാരങ്ങ വെള്ളം ചില ആൻറിബയോട്ടിക്കുകളുടെയും തൈറോയ്ഡ് മരുന്നുകളുടെയും ആഗിരണത്തെ തടസ്സപ്പെടുത്തും. നിങ്ങൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ പതിവായി നാരങ്ങ വെള്ളം കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് മെെഗ്രേയ്ൻ, തലവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
അപൂർവ സന്ദർഭങ്ങളിൽ, ചില വ്യക്തികൾക്ക് നാരങ്ങയോട് അലർജി ഉണ്ടാക്കാം. അലർജി പ്രതിപ്രവർത്തനത്തിൻ്റെ ലക്ഷണങ്ങളിൽ ചൊറിച്ചിൽ, വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടാം. നാരങ്ങാവെള്ളം കഴിച്ചതിന് ശേഷം ഈ ലക്ഷണങ്ങളിൽ എന്തെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.