ബെംഗളൂരു: ആർഎസ്എസിന്റെ പരമ്പരാഗത വേഷം ധരിച്ച് എത്തി ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. കർണാടകയിലെ ബാഗൽക്കോട്ടിലാണ് സംഭവമുണ്ടായത്. ബിജെപി നേതാവായ നിങ്കബസപ്പയാണ് ആർഎസ്എസിന്റെ വേഷം ധരിച്ച് കോൺഗ്രസ് വേദിയിലെത്തി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആർഎസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോൺഗ്രസ് തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറിയതായി അറിയിച്ചത്. നിങ്കബസപ്പ ആർഎസ്എസ് തൊപ്പി മാറ്റി കോൺഗ്രസിൻ്റെ വെള്ള തൊപ്പി ധരിച്ചു.
നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിങ്കബസപ്പയും അനുയായികളും ബിജെപി വിട്ടത്. സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മന്ത്രി ശിവാനന്ദ് പാട്ടീൽ, മുൻ എം.എൽ.എ എസ്.ജി നഞ്ജയ്യൻമഠം, മുൻ മന്ത്രി ബി.ആർ. യവഗൽ, മറ്റ് കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. 30 വർഷം ആർഎസ്എസിലായിരുന്നു നിങ്കബാസപ്പ. എന്നാൽ, സമീപകാലത്ത് അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കോൺഗ്രസിലെത്തിയത്. എന്നാൽ, ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനാണ് നിങ്കബസപ്പ ആർഎസ്എസ് യൂണിഫോം ധരിച്ച് കോൺഗ്രസിൽ ചേർന്നതെന്ന് പ്രാദേശിക ബിജെപി നേതാക്കൾ പറഞ്ഞു.