ദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. അത് കൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും.വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ഹൃദയ സംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരു നാരങ്ങയിൽ 31 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
നാരങ്ങ വെള്ളം കുടിക്കുന്നത് ഉപാപചയ നിരക്ക് വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്താനും നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകൾ അലിയിക്കാനും സഹായിക്കും. ദിവസവും വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്തുന്നതിന് ഗുണം ചെയ്യും. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
നാരങ്ങ വെള്ളം കരളിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ പിത്തരസം ഉൽപാദനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നാരങ്ങയിലെ ലയിക്കുന്ന നാരായ പെക്റ്റിൻ്റെ സാന്നിധ്യം കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രാവിലെ ചെറുചൂടുള്ള ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലുള്ള ദോഷവശങ്ങൾ എന്തൊക്കെ?
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ചില ദോഷവശങ്ങൾ കൂടിയുണ്ട്. വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതിൻ്റെ പാർശ്വഫലമാണ് ആസിഡ് റിഫ്ലക്സ്. നാരങ്ങയുടെ ഉയർന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ ആസിഡ് റിഫ്ലക്‌സിന് ഇടയാക്കും. അസിഡിറ്റി പ്രശ്നമുള്ളവർ വെറുംവയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.