പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സാംസ്‌ക്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരേഖയാണ് പ്രകടന പത്രികയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി ചടങ്ങില്‍ പറഞ്ഞു. എന്‍ഡിഎയുടെ സംസ്ഥാന-ജില്ലാ തല നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
വികസിത ഭാരതം എന്ന തലക്കെട്ടിലാണ് പത്തനംതിട്ടയുടെ വികസനത്തിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുന്നോട്ട് വയ്ക്കുന്ന പ്രകടന പത്രിക. ശബരിമലയുടെ സമ്പൂര്‍ണ വികസനത്തിനായുള്ള പദ്ധതികള്‍, ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പമ്പാ നദിയുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പുതിയ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം, ജലധാര പദ്ധതി, കൂടുതല്‍ ജന്‍ആരോഗ്യ കേന്ദ്രങ്ങള്‍, റെയില്‍ ഫാക്ടറി, ഐടി പാര്‍ക്ക്, നിര്‍മ്മിത ബുദ്ധി പഠന കേന്ദ്രം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മുന്നോട്ട് വയ്ക്കുന്നത്.