തിരുവനന്തപുരം: വിഷു ദിനത്തിൽ പൊള്ളുന്ന ചൂടിന് ആശ്വാസമായി അഞ്ച് ജില്ലകളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനം. അതേസമയം വരും മണിക്കൂറുകളിൽ കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാറാം തീയതി 9 ജില്ലകളിലാണ് മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. 17-ആം തീയതി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.