അസ്താന: ചൂട് കൂടിയതിന് പിന്നാലെ വലിയ രീതിയിൽ മഞ്ഞുരുകിയതിന് പിന്നാലെ പ്രളയക്കെടുതിയിലായ കസാഖിസ്ഥാനിൽ നാട്ടുകാർ നിർമ്മിച്ച താൽക്കാലിക അണക്കെട്ടുകൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്ത് അധികൃതർ. ഉറാൽ നദിയിലെ ജലം ക്രമാതീതമായി വർധിച്ചതിന് പിന്നാലെ ഒരു ലക്ഷത്തോളം ആളുകളെ ആണ് മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നിരിക്കുന്നത്. പശ്ചിമ കസാഖിസ്ഥാനിൽ മൂവായിരത്തിലധികം വീടുകൾ മുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാർഷിക ആവശ്യങ്ങൾക്കായി നാട്ടുകാർ നിർമ്മിച്ച താൽക്കാലിക അണകളാണ് പ്രാദേശിക ഭരണകൂടം നിലവിൽ തകർക്കുന്നത്.
കാസ്പിയൻ കടലിലേക്ക് പ്രളയ ജലം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നാണ് പ്രാദേശിക ഭരണകൂടങ്ങൾ വിശദമാക്കുന്നത്. യുറാൽ നദിയിലെ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുന്നതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളിൽ സജീവമാണ് റഷ്യ. റഷ്യയിലൂടെയും കസാക്കിസ്ഥാനിലൂടെയും കാസ്പിയന്‍ കടലിലേക്ക് ഒഴുകുന്ന യൂറോപ്പിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണ് യുറാൽ നദി. റഷ്യയുടെ വിശാലഭൂമിയെ ഏതാണ്ട് രണ്ടായി പകുത്ത് കൊണ്ട് കടന്ന് പോകുന്ന വലിയ പര്‍വ്വത നിരകളുടെ ഒരുകൂട്ടമാണ് യുറാല്‍ പര്‍വ്വതനിരകള്‍. റഷ്യയുടെ വടക്കന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന യുറാല്‍ പർവ്വത നിര കസാകിസ്ഥാന്‍റെ അതിര്‍ത്തികള്‍ക്ക് സമീപമാണ് അവസാനിക്കുന്നത്. ഇവിടെ നിന്നും റഷ്യയിലൂടെ ഒഴുകി കസാകിസ്ഥാനിലൂടെ കടന്ന് ഏതാണ്ട് മൊത്തം 2,428 കിലോമീറ്റര്‍ ഒഴുകി കാസ്പിയന്‍ കടലില്‍ വെള്ളമെത്തിക്കുന്നതില്‍ പ്രധാനപ്പെട്ട നദിയാണ് യുറാല്‍ നദി.
റഷ്യയുടെ കസാഖിസ്ഥാൻ അതിർത്തി പ്രദേശമായ ഒറിൻബർഗ് മേഖലയെ വെള്ളപ്പൊക്കത്തിനൊപ്പം മണ്ണ് കൊണ്ട് നിർമ്മിച്ച അണക്കെട്ട് തകർന്നതും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഡാം തകർന്നത്. ഒറിൻബർഗ് നഗരത്തിൽ മാത്രം ബുധനാഴ്ച ജലനിരപ്പ് ഉയർന്നത് പത്ത് മീറ്ററോളമാണ്. ചൂടിനെ തുടർന്ന് മഞ്ഞുരുകിയതാണ് പ്രളയത്തിന് കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്. 8 പ്രവശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം ജനങ്ങളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.