തൃശൂർ∙ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാർ സുരക്ഷിതരെന്നു കമ്പനി അറിയച്ചുവെന്ന് കപ്പലിലുള്ള തൃശൂർ സ്വദേശി ആൻ ടെസ ജോസഫിന്റെ കുടുംബം. എല്ലാവരും സുരക്ഷിതരാണ്. ആർക്കും നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ഭക്ഷണം ലഭിക്കുന്നുണ്ട്. കപ്പലിലുള്ളവർ അവരുടെ ജോലികൾ തുടരുന്നുണ്ട്. ഇറാനിലെ ഒരു തുറമുഖത്താണ് കപ്പൽ. ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്പനിയിൽ നിന്നും വിവരം ലഭിച്ചതായി കുടുംബങ്ങളെ അറിയിച്ചു.
ഇറാന്റെ പിടിയിലുള്ള കപ്പലിൽ നാല് മലയാളികളാണുള്ളത്. തൃശൂർ സ്വദേശിയായ ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി സെക്കന്‍ഡ് എഞ്ചിനീയറായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികൾ. കഴിഞ്ഞ 10 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശ്യാം നാഥ്. നിലവില്‍ കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറായ ശ്യാമിനൊപ്പം സെക്കന്‍ഡ് ഓഫീസര്‍ പാലക്കാട് സ്വദേശി സുമേഷും ജോലി ചെയ്യുന്നുണ്ട്. ഇവരുൾപ്പെടെ 17 പേരാണ് ഇന്ത്യക്കാർ. കപ്പലിൽ ആകെ 25 ജീവനക്കാരാണുള്ളത്.
ഇസ്രയേൽ പൗരനായ ഇയാല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എം.എസ്.സി.ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്. വിവരം കപ്പല്‍ കമ്പനി കോഴിക്കോട് വെള്ളിപറമ്പിലെ ശ്യാംനാഥിന്‍റെ കുടുംബത്തെ ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചത്. വിഷുവിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു ശ്യാംനാഥ്. പകരം ജോലിക്ക് കയറേണ്ട ആള്‍ വൈകിയതിനാലാണ് യാത്ര മാറ്റേണ്ടി വന്നത്. കരസേനയിലും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഷിപ്പിങ് മന്ത്രാലയത്തിലും ഏറെ കാലം ജോലി ചെയ്തയാളാണ് ശ്യാംനാഥിന്‍റെ പിതാവ് വിശ്വനാഥന്‍.
ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇസ്രയേൽ ബന്ധമുള്ള എം.എസ്.സി ഏരീസ് എന്ന ചരക്കുകപ്പൽ ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എം.എസ്.സിയാണു കപ്പലിന്റെ നടത്തിപ്പ്.
ഇസ്രയേൽ ചരക്കുകപ്പലിലുള്ള 17 ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷക്കും മോചനത്തിനുമായി ഇറാൻ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.