ജമ്മു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്തിയ റെയ്ഡിൽ നാലു കോടി രൂപ വിലമതിക്കുന്ന കറൻസി, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ രാജ്യത്ത് ഇതുവരെ 4650 കോടി രൂപ പിടിച്ചെടുത്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പിടിച്ചെടുത്ത 3,475 കോടി രൂപയേക്കാൾ കുത്തനെയുള്ള വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. ജമ്മു കശ്മീരിൽ പിടിച്ചെടുത്ത മൊത്തം സാധനങ്ങൾക്ക് 4.2 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
അതുപോലെ, മദ്യം ഉൾപ്പെടെ 11,580 രൂപയുടെ വസ്തുക്കളും ലഡാക്കിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാനായി നടത്തുന്ന ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ റെയ്ഡ് നടപടി തുടരുമെന്ന് കമീഷൻ അറിയിച്ചു.
പിടിച്ചെടുത്തതിൽ 45 ശതമാനവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് തന്നെ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾ 4650 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.