പാലക്കാട് : മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നു സൈന്യം രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറാട് ആര്‍.ബാബുവിന്റെ (23) ആരോഗ്യനില മെച്ചപ്പെട്ടു. വൃക്കയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ നിരീക്ഷിക്കുകയാണെന്നും ഇന്നു പരിശോധനയ്ക്കു ശേഷം ആശുപത്രി വിടുന്ന കാര്യം തീരുമാനിക്കുമെന്നും ഇന്നലെ വൈകിട്ട് ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ബാബുവിനെ സന്ദര്‍ശിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി മുറിക്കു മുന്നില്‍ പൊലീസ് കാവലുണ്ട്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.പി.റീത്ത പറഞ്ഞു. നിലവില്‍ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ഫിസിഷ്യന്‍, സര്‍ജന്‍ എന്നിവര്‍ക്കു പുറമേ വൃക്ക, അസ്ഥി, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുമടങ്ങുന്ന പ്രത്യേക ടീമാണു ബാബുവിനെ ചികിത്സിക്കുന്നത്. ബുധനാഴ്ച രാത്രി സുഖമായി ഉറങ്ങി. രാവിലെ ഉമ്മയോടും സഹോദരനോടും സംസാരിച്ചു. മറ്റു കാര്യങ്ങള്‍ ചോദിച്ചു വിഷമിപ്പിക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടസമയത്തു കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങി. എക്‌സ്‌റേ, സിടി സ്‌കാന്‍, രക്തപരിശോധനകള്‍ നടത്തി. ഹൃദയം, തലച്ചോറ് എന്നിവയുടെ പരിശോധനയിലും തകരാര്‍ ഇല്ല. താന്‍ ആരോഗ്യം വീണ്ടെടുത്തുവെന്നും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ബാബു പ്രതികരിച്ചു.