തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും. ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീര്‍ക്കാന്‍ നല്‍കിയെന്ന ഹര്‍ജിയാണ് പരിഗണിക്കുന്നത്. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പണം നല്‍കിയതിന്റെ എല്ലാ രേഖകളും സര്‍ക്കാര്‍ ലോകായുക്തയില്‍ നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് പണം അനുവദിച്ചതെന്ന് സത്യവാങ്മൂലവും നല്‍കി.
സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ മേലാകും ഇന്ന് വാദം നടക്കുക. ഉച്ചയ്ക്കാണ് ലോകായുക്ത ഡിവിഷന്‍ ബച്ച് കേസ് പരിഗണിക്കുന്നത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട ശേഷമാണ് മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നത്. അതേസമയം, ഇന്നലെ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി തയാറായില്ല. ഓര്‍ഡിനന്‍സ് സ്റ്റേ ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും. പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തയാണ് ഹര്‍ജിക്കാരന്‍. നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.