കോഴിക്കോട്: വീട്ടുവളപ്പിലെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടാങ്ങല്‍ – ഓമശ്ശേരി റോഡില്‍ മലയമ്മ പെട്രോള്‍ പമ്പിന് സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.റോഡിന് സമീപം താമസിക്കുന്ന പുതിയപറമ്പത്ത് ഖദീജയുടെ വീട്ടുവളപ്പിലെ തെങ്ങ് സമീപത്തെ റോഡിന് കുറുകെ വീഴുകയായിരുന്നു. സമീപത്തു കൂടി കടന്നുപോകുന്ന 11 കെ.വി ലൈനിന് മുകളിലായാണ് തെങ്ങ് വീണത്. ഒരു ഇലക്ട്രിക് പോസ്റ്റും തകര്‍ന്നിട്ടുണ്ട്. ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത വിധത്തില്‍ തെങ്ങ് വീണതിനാല്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം.അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്‍, ഫയര്‍ ഓഫീസര്‍മാരായ എം.സി സജിത്ത് ലാല്‍, കെ. അഭിനേഷ്, വി. സലീം, ടി.പി ഫാസില്‍ അലി, ആര്‍. വി. അഖില്‍, കെ. എസ്. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.