തിരുപ്പൂര്‍ : ധാരാപുരം റോഡ് പൊല്ലികാളിപാളയത്തിനു സമീപം അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ അന്‍പതിലധികം ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കൊല നടന്ന ദിവസം രണ്ടു യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്‌കേസുമായി പോകുന്നതും തിരികെ സ്യൂട്ട്‌കേസില്ലാതെ മടങ്ങുന്നതുമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തിരുപ്പൂര്‍ വെള്ളിയങ്കാട് വാടകവീട്ടില്‍ താമസിച്ചിരുന്ന അസം സ്വദേശി സ്നേഹയാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി. വാടകവീട്ടില്‍ ഒപ്പം താമസിച്ചിരുന്ന അബിദാസ് തന്റെ ഭര്‍ത്താവാണെന്നാണു യുവതി അയല്‍വാസികളോടു പറഞ്ഞിരുന്നത്.
തിരുപ്പൂരില്‍ ആണ്‍സുഹൃത്തുക്കളായ അബിദാസ്, ജയിലാല്‍ എന്നിവര്‍ക്കൊപ്പമാണു താമസിച്ചിരുന്നത്. തിങ്കളാഴ്ചയാണു ധാരാപുരം റോഡ് പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ 25 വയസ്സു തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയവര്‍ നല്‍കിയ വിവരം അനുസരിച്ചു സ്ഥലത്ത് എത്തിയ പോലീസ് രക്തം കിനിഞ്ഞിറങ്ങി ദുര്‍ഗന്ധംവന്നു തുടങ്ങിയ സ്യൂട്ട് കേസ് തുറന്നുനോക്കിയപ്പോള്‍ ഞെട്ടി. യുവതിയെ കൊലപ്പെടുത്തി ഒടിച്ചുമുറിച്ച് സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചതായിരുന്നു. യുവതി തമിഴ്‌നാട്ടുകാരിയല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്നു തിരുപ്പൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണാതായ മലയാളി, ഉത്തരേന്ത്യന്‍ സ്വദേശികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും തുമ്പുണ്ടായില്ല. മൃതദേഹത്തിന്റെ കയ്യില്‍ ക്യൂന്‍ എന്നു പച്ചകുത്തിയതു കണ്ടെത്തിയതോടെ വടക്കുകിഴക്കന്‍ സ്വദേശിനിയാണു കൊല്ലപ്പെട്ടതെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഈരീതിയില്‍ പച്ചകുത്തുന്നത് വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നതായിരുന്നു ഇതിനു കാരണം.
തൊട്ടുപിറകെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്നാണു മരിച്ചത് അസം സ്വദേശിയായ തുണിമില്‍ ജീവനക്കാരി നേഹയാണെന്നു സ്ഥിരീകരിച്ചത്.നേഹയെ കൊലപ്പെടുത്തി സ്യൂട്ട് കേസിനുള്ളിലാക്കി ഇരുചക്രവാഹനത്തിലെത്തിയാണ് ഒത്തകടയില്‍ ഉപേക്ഷിച്ചത്. ഇതിനുശേഷം വീട് മാറിപ്പോകുന്നതായി ഉടമയെ അറിയിച്ചു സ്ഥലം വിടുകയും ചെയ്തു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.