കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എല്‍ ജീവനക്കാരെ ചോദ്യം ചെയ്തത് തുടർച്ചയായ 24 മണിക്കൂര്‍. ഇ.ഡിയുടെ അസാധാരണ നടപടി അവസാനിച്ചു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയെങ്കിലും സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഇന്നും ഹാജരായില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമാണോ ഈ ചോദ്യം ചെയ്യലെന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. സി.എം.ആർ.എലിന്റെ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ് കുമാർ, ഐ.ടി. വിഭാഗം സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരാണ് ഇന്നലെ രാവിലെ പത്തരയോടെ ഇ.ഡി ഓഫിസിലെത്തിയത്.
ഇവർ ചോദ്യം ചെയ്യലിന് ശേഷം ഇന്നു രാവിലെ 11 ഓടെയാണ് മടങ്ങി. സി.എം.ആർ.എലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, സി.എം.ആർ.എൽ മറ്റു രാഷ്ട്രീയ നേതാക്കൾക്കും മറ്റും സംഭാവന നൽകിയതിന്റെ വിവരങ്ങൾ എല്ലാം ഇവരില്‍നിന്നു ചോദിച്ചറിഞ്ഞുവെന്നാണ് സൂചന. ഇതു സംബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചിരുന്നു. കേസില്‍ സി.എം.ആർ.എൽ എം.ഡി സി.എൻ ശശിധരൻ കർത്തക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു.
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി 10 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ മാസപ്പടി വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തുകയു ചെയ്തിരുന്നു. ഇതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശങ്ക ഉയർത്തുന്നത്.
എക്സാലോജിക്കിന് സി.എം.ആർ.എലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ വെളിപ്പെടുത്തലാണ് നിലവിലെ കേസിലേക്ക് നയിച്ചിരിക്കുന്നത്. വീണാ വിജയന്റെ കമ്പനി നൽകിയ സേവനം എന്തായിരുന്നു എന്നതാവും പ്രധാനമായും ഇ.ഡി ഇന്നലെ സി.എം.ആർ.എൽ ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ ശ്രമിച്ചത്.