ചൈനയിലെ ഒരു റെയിൽവേ സ്റ്റേഷന്റെ ഡിസൈൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെയും ചർച്ചയായി മാറിയിരിക്കുകയാണ്. അത് നിർമ്മിക്കാനാവശ്യമായി വരുന്ന തുകയോ അല്ലെങ്കിൽ അതിലുണ്ടാക്കാൻ പോകുന്ന സൗകര്യങ്ങളോ ഒന്നുമല്ല സ്റ്റേഷൻ ചർച്ചയാവാൻ കാരണം. അതിന്റെ ആകൃതിയാണ് ഈ ചർച്ചകൾക്കെല്ലാം കാരണമായിത്തീർന്നിരിക്കുന്നത്.
ചൈനയിലെ നാൻജിംഗ് നോർത്ത് റെയിൽവേ സ്റ്റേഷനാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ സ്റ്റേഷൻ. സ്റ്റേഷന്റെ ഡിസൈനിനെ ഒരു ഭീമൻ സാനിറ്ററി പാഡിനോടാണ് ആളുകൾ ഉപമിക്കുന്നത്. ബിബിസി പറയുന്നതനുസരിച്ച്, നോർത്ത് നാൻജിംഗ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ‘പ്ലം ബോസ’മിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ്. ഇതിൽ എവിടെയാണ് പ്ലം ബോസം എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
“ഇതൊരു ഭീമൻ സാനിറ്ററി പാഡ് പോലെയാണ് ഉള്ളത്. ഇത് ഒരു പ്ലം ബ്ലോസം പോലെയാണ് എന്ന് പറയുന്നത് ലജ്ജാകരമാണ്” എന്നാണ് ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോയിൽ ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. “ഇത് കാണുമ്പോൾ തന്നെ ഒരു സാനിറ്ററി പാഡ് പോലെയുണ്ട് എന്ന് നമുക്ക് തോന്നുന്നുണ്ട്. ആർക്കിടെക്ടിന് എന്തുകൊണ്ടാണ് അങ്ങനെ തോന്നാത്തത്” എന്നാണ് മറ്റൊരാൾ ചോദിച്ചത്.
സർക്കാർ ഉടമസ്ഥതയിലുള്ള പത്രമായ നാൻജിംഗ് ഡെയ്‌ലി പറയുന്നതനുസരിച്ച്, ജിയാങ്‌സു പ്രവിശ്യയിലെ സർക്കാരും ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പും ചേർന്നാണ് ഈ സ്റ്റേഷൻ പ്രാഥമികമായി രൂപകല്പന ചെയ്തത്. 2024 -ൻ്റെ ആദ്യ പകുതിയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുക. ചൈനീസ് പരമ്പരാഗത രീതിയിലുള്ള വസ്തുക്കളുപയോഗിച്ച് കൊണ്ട്, പരമ്പരാഗത രീതിയിലായിരിക്കും ഇതിന്റെ നിർമ്മാണമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2763 മില്ല്യൺ ഡോളറാണ് ഇതിന് ഏകദേശം കണക്കാക്കുന്ന നിർമ്മാണ ചിലവ്.