ഇസ്ലാമാബാദ്: രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്ത് പാകിസ്താനിൽ എക്സ് താൽകാലികമായി നിരോധിച്ചു. പാകിസ്താനിൽ ഫെബ്രുവരി പകുതി മുതൽക്കേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല.
ബുധനാഴ്ച കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് എക്സ് നിരോധിച്ചതായി സർക്കാർ വ്യക്തമാക്കിയത്. പാക് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതിലും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാലാണ് എക്സ് നിരോധിച്ചത് എന്നാണു സത്യവാങ്മൂലത്തിൽ ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.ഫെബ്രുവരി 17 മുതൽ എക്സ് ലഭ്യമായിരുന്നില്ലെന്നു പാക് മാധ്യമമായ ഡോൺ റിപോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം വോട്ടെടുപ്പ് ദിവസം രാജ്യത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വെട്ടിക്കുറച്ചിരുന്നു. അതേസമയം, എക്സ് നീക്കം ചെയ്ത നടപടിയിൽ ലോകം പരിഹസിക്കുമെന്നും പ്ലാറ്റ്ഫോം ഒരാഴ്ചക്കകം പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.