കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ,10 വാഗ്ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സി.എ.എയും എൻ.ആർ.സിയും ഏകസിവിൽ കോഡും നടപ്പാക്കില്ലെന്നാണ് പ്രധാന വാഗ്ദാനങ്ങൾ.
മറ്റ് വാഗ്ദാനങ്ങൾ:
25 വയസ് വരെയുള്ള എല്ലാ ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും പ്രതിമാസ സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് നൽകും. വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് കാർഡുകൾ നൽകും. എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ എണ്ണം മൂന്നിരട്ടിയാക്കും.
60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കുള്ള നിലവിലെ വാർധക്യ പെൻഷൻ പ്രതിമാസം 1,000 രൂപയായി ഉയർത്തും. പെട്രോൾ, ഡീസൽ, എൽ.പി.ജി സിലിണ്ടറുകളുടെ വില നിയന്ത്രിക്കും.
സ്വാമിനാഥൻ കമ്മീഷന്റെ ശിപാർശകൾ അനുസരിച്ച് ഇന്ത്യയിലെ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രതിമാസം 5 കിലോ സൗജന്യ റേഷൻ.വീട്ടുവാതിൽക്കൽ റേഷൻ സൗജന്യമായി എത്തിക്കും.
ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിവർഷം 10 എൽ.പി.ജി സിലിണ്ടറുകൾ സൗജന്യമായി നൽകും.
എല്ലാ തൊഴിൽ കാർഡ് ഉടമകൾക്കും 100 ദിവസത്തെ തൊഴിലുറപ്പ് ജോലി നൽകും. കൂടാതെ എല്ലാ തൊഴിലാളികൾക്കും പ്രതിദിനം 400 രൂപ മിനിമം വേതനം ലഭിക്കും.
രാജ്യത്തുടനീളമുള്ള എല്ലാ ദരിദ്രകുടുംബങ്ങൾക്കും വീടുകൾ നിർമിച്ചുനൽകും.