ഭോപാൽ: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മച്ചയാൾ അറസ്റ്റിൽ. ബുധനാഴ്ച ബിഹാറിൽ നിന്നാണ് 20 കാരനായ രഞ്ജൻ ചൗബെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അജ്ഞാതൻ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡികൾ നിർമ്മിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് ഐ.പി.സി 419,420,467,468 വകുപ്പ് പ്രകാരവും ഐ.ടി ആക്ടിലെ 66സി, 66ഡി വകുപ്പ് പ്രകാരവും കേസെടുത്തു. തുടർന്ന് തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ മുഖ്യസൂത്രധാരനെ തിരിച്ചറിയുകയും ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതി വികസിപ്പിച്ച വെബ്സൈറ്റ് മുഖേനെ ക്യു.ആർ കോഡ് വഴി 20 രൂപ മാത്രം ചിലവിൽ ആർക്കുവേണമെങ്കിലും മറ്റൊരാളുടെ പേരും വിലാസവും ഒപ്പും ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡിയും, ആധാർ കാർഡും പാൻ കാർഡും നിർമ്മിക്കാം.
പ്രതി യൂട്യൂബ് നോക്കിയാണ് വ്യാജ വെബ്സൈറ്റ് നിർമ്മിച്ചത്. മാത്രമല്ല പ്രതി നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.സംസ്ഥാന സൈബർ സെൽ വ്യാജ വെബ്സൈറ്റ് വഴി ഐ.ഡി ഡൗൺലോഡ് ചെയ്തവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഔദ്യോഗിക വോബ്സൈറ്റുകളിൽ നിന്ന് മാത്രം വോട്ടർ ഐ.ഡിയും, ആധാർ കാർഡും പാൻ കാർഡും ഡൗൺലോഡ് പാടൊള്ളൂവെന്ന് സൈബർ പൊലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.