വടകര > മോദിയുടെ ഗ്യാരണ്ടി രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്ന ഗ്യാരണ്ടിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വടകരയിലും ഉള്ള്യേരിയിലെയും എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ താങ്ങി നിർത്തുന്ന തൂണുകളെല്ലാം തകരുന്നു. നാനൂറിലധികം സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്നുവരെ പ്രഖ്യാപിക്കപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിയിൽ മുങ്ങിയ സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളത്. അഴിമതിക്കാരുടെ നേതൃത്വമായി മോദി മാറി. അഴിമതിയില്ലാതാക്കുമെന്ന് വാഗ്‌ദാനം നൽകിയവർ ഇലക്‌ടറൽ ബോണ്ട് വഴി അഴിമതി നിയമവിധേയമാക്കി. ബോണ്ട് നൽകിയാൽ വിമാനത്താവളവും തുറമുഖവും തരാമെന്ന് പറഞ്ഞും കൊള്ള നടത്തി. അഴിമതിക്ക് ജയിലിലാകേണ്ട നിരവധി നേതാക്കളാണ് ബിജെപിയിൽ ചേർന്നതിനാൽ മാത്രം രക്ഷപ്പെട്ടത്. ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ലോകത്ത് ഏറ്റവും അസമത്വമുള്ള നാടായി ഇന്ത്യ മാറി.
മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്‌ട്രമാക്കണമെങ്കിൽ ഫെഡറിലസം ഇല്ലാതാക്കണം. അതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. എല്ലാം ഏകീകരിച്ച് കേന്ദ്രീകൃതാധികാരത്തിലേക്ക് നീങ്ങാൻ നോക്കുന്നു. അതിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ടുവന്നു. പതുക്കെ ഒരു രാജ്യം ഒരു ഭാഷ ഒരു സംസ്‌കാരം ഒരു നേതാവ് എന്നാകുമെന്ന് സാരം.
സൂര്യൻ ഉദിക്കുന്നതുപോലും താൻ കാരണമാണെന്ന നിലയിലാണ് മോദിയുടെ പ്രചാരണം. കേരളത്തിലെത്തിയ മോദി പറഞ്ഞത് ഇവിടെ വികസനമില്ലെന്നാണ്. പ്രധാനമന്ത്രി തെറ്റായ വിവരം പ്രചരിപ്പിപ്പിക്കുന്നു. കേന്ദ്രത്തിന്റെ നീതി അയോഗിന്റെ കണക്കുകൾ പ്രകാരമുള്ള മാനവ വികസന സൂചികളിലെല്ലാം കേരളം ഒന്നാമതാണ്. എന്നാൽ ബിജെപിയുടെ ഗുജറാത്തും യുപിയുമെല്ലാം മാനവ വികസന സൂചികകളിൽ വളരെ പിന്നിലാണ്. ഒടുവിൽ പുറത്തുവന്ന ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ ഭീകര സ്വേച്ഛാധിപത്യ നാടെന്ന വിശേഷണത്തിലേക്ക് കൂപ്പുകുത്തി.
ബിജെപിയുടെ ഹിന്ദുത്വ വർഗീയ നയങ്ങളെ മൃദുഹിന്ദുത്വം കൊണ്ട് പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് തിരിച്ചറിയണം.സന്ധിചെയ്‌തുകൊണ്ടല്ല സമരം ചെയ്‌താണ് വർഗീയവാദികളെ നേരിടേണ്ടത്. എത്ര നേതാക്കൾ പാർടിവിട്ട് ബിജെപിയിൽചേർന്നെന്ന കണക്ക് കോൺഗ്രസിഋെനറ കൈയ്യിലുണ്ടോ. പൗരത്വ ഭേഗതി നിയമത്തിനെതിരെ കോൺഗ്രസ് ഒരക്ഷരം മിണ്ടാത്തതെന്തേ? പൗരത്വ ഭേദഗതി നിയമത്തിനും ആർട്ടിക്കൾ 379 റദ്ദാക്കിയതിനും എതിരെ കോടതിയിൽ പോയ പാർടിയാണ് സിപിഐ എം. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരെ കോടതിയിൽ പോയതും സിപിഐ എമ്മാണ്. ഇലക്‌ടറൽ ബോണ്ടിനെ എതിർക്കുകയും വാങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും കോടതിയിൽ പോവുകയുംചെയ്‌തു. ആ നിലപാടിന് അംഗീകാരമായാണ് സുപ്രീകോടതി സിപിഐ എമ്മിനെ കേസിൽ കക്ഷി ചേരാൻ അനുവദിച്ചത്.
ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ കൂടുതൽ മെച്ചപ്പെട്ട ജനപക്ഷ ബദൽ നയങ്ങൾ രാജ്യത്ത് നടപ്പിലാകൂ. ഒന്നാം യുപി എ സർക്കാരിന്റെ കാലത്ത് നാമത് കണ്ടതാണെന്നും യെച്ചൂരി പറഞ്ഞു.