ദില്ലി: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഗുലാംനബി ആസാദ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെയാണ് ഗുലാം നബി രംഗത്തെത്തിയത്. എന്ത് കൊണ്ടാണ് രാഹുൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കാത്തതെന്നും ന്യൂനപക്ഷ ഭൂരിപക്ഷമുള്ള സ്ഥലത്ത് മത്സരിക്കുന്നതെന്നും ഗുലാം നബി ചോദിച്ചു. 2022-ലാണ് ഗുലാം നബി കോൺഗ്രസ് പാർട്ടി വിടുന്നത്.
ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ധീരമായ പോരാട്ടമാണ് നടത്തുന്നതെന്ന കോൺഗ്രസിൻ്റെ വാദങ്ങളെ അദ്ദേഹം തള്ളി. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കാൻ മടിക്കുന്നത്? ബിജെപിയോട് പോരാടുമെന്ന് രാഹുൽ പറയുമ്പോൾ, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് മാറി ന്യൂനപക്ഷ ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ അഭയം തേടുന്നത് എന്തുകൊണ്ട്?”-ഗുലാം നബി ചോദിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ നിന്ന് വിജയിച്ചു. ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ രാഹുൽ ഗാന്ധി “വിമുഖത” കാണിക്കുന്നുവെന്നും ന്യൂനപക്ഷ ജനസംഖ്യ കൂടുതലുള്ള സുരക്ഷിത ഇരിപ്പിടങ്ങൾ തേടാനുള്ള പ്രവണത കാണിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാഹുലിനേയും ഒമർ അബ്ദുള്ളയെയും ആക്രമിച്ചുകൊണ്ടായിരുന്നു ഗുലാം നബിയുടെ പരാമർശം. അവർ ഒരിക്കലും വ്യക്തിപരമായ ത്യാഗങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.