വെച്ചൂച്ചിറ > യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യ(35) ആണ് മരിച്ചത്. കൊല്ലമുള മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽ കുമാറിനെയാണ് (40) പിടികൂടിയത്. മകൾ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് എരുമേലിതെക്ക് എലിവാലിക്കര തൈപുരയിടത്തിൽ വീട്ടിൽ ശശി പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമുണ്ടായ അപമാനഭാരത്താൽ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയശേഷം സുനിൽ പിൻവാങ്ങുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ റോജ്, എസ് ഐ രതീഷ് കുമാർ, എസ്സിപിഓ പി കെ ലാൽ, സിപിഓ അനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.