കൊച്ചി: കണ്ണൂരിലെ ആയുര്‍വേദ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. ഫെമ ചട്ടപ്രകാരമാണ് കേസ്. വിദേശത്തുനിന്ന് പണം എത്തിയതാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരക്കും മകന്‍ പി.കെ. ജയ്‌സണും നിക്ഷേപമുള്ളതാണ് വൈദേകം റിസോര്‍ട്ട്.
ഇവിടെ നിക്ഷേപിച്ചവരുടെ പണത്തിന്റെ ഉറവിടം കണ്ടെത്താനും ഇ.ഡി ലക്ഷ്യമിടുന്നതായാണ് വിവരം. അസിസ്റ്റന്റ് ഡയറക്ടർ എസ്.ജി കവിത് കറിനാണ് അന്വേഷണ ചുമതല. പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ പണം നിക്ഷപിച്ച 20 പേരുടെ പട്ടികയും കൈമാറിയിരുന്നു. റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത പണമിടപാട് നടന്നതായാണ് ആരോപണം.
റിസോര്‍ട്ടില്‍ ഇന്ദിര 80 ലക്ഷവും ജയ്‌സണ്‍ 10 ലക്ഷവും നിക്ഷേപിച്ചതായാണ് ഇ.ഡിക്ക് നല്‍കിയ പരാതിയിലുളളത്. കണ്ണൂര്‍ താണ സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നയാള്‍ നിക്ഷേപിച്ച മൂന്നു കോടി രൂപ കള്ളപ്പണമാണെന്നും പരാതിയിലുണ്ട്. ആദായ നികുതി വകുപ്പ് ടി.ഡി.എസ് വിഭാഗം നേരത്തെ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു.