തിരുവനന്തപുരം: ആലപ്പുഴയില്‍ 2 സ്ഥലങ്ങളിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്ഒപി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരുന്നു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി.
ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവര്‍ത്തകരുടേയും ഫീല്‍ഡ്തല ജീവനക്കാരുടേയും നേതൃത്വത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.