ഹൈദരാബാദ്: ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളെ പഠിച്ചു തോൽപിച്ചാണ് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷയിൽ നന്ദല സായ് കിരൺ 27ാം റാങ്ക് നേടിയത്. ബീഡിത്തൊഴിലാളിയുടെ മകനായ സായ് കിരൺ കോച്ചിങ്ങിനു പോലും പോകാതെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
2016ൽ അർബുദം ബാധിച്ച് കുടുംബത്തിന്റെ അത്താണിയായിരുന്ന ഇവരുടെ പിതാവ് കാന്ത റാവു കിരണിനെയും സഹോദരി മുദത്ത ശ്രാവന്തിയെയും വളർത്താനായി ബീഡിത്തെറുപ്പ് തുടങ്ങിയതാണ് അമ്മ. നെയ്ത്തുതൊഴിലാളിയായിരുന്നു കാന്ത റാവു. പഠിക്കാൻ മിടുക്കരായിരുന്നു സായ് കിരണും ശ്രാവന്തിയും. അമ്മക്കും വലിയ ആശ്വാസമായിരുന്നു അത്. താൻ ഏറെ കഷ്ടപ്പെട്ടാലും മക്കൾ പഠിച്ച് നല്ലനിലയിൽ എത്തുമെന്ന് അവർ സ്വപ്നം കണ്ടു. മക്കൾ ആ സ്വപ്നം സഫലമാക്കുകയും ചെയ്തു.
തെലങ്കാനയിലെ ബോയിൻപള്ളിയിൽ അസിസ്റ്റന്റ് എൻജിനീയറാണ് ശ്രാവന്തി. കരിംനഗറിലായിരുന്നു സായ് കിരണിന്റെ ബാല്യവും പഠനവുമൊക്കെ. 2012ൽ 9.8 ജി.പി.എയോടു കൂടിയാണ് കിരൺ 10ാം ക്ലാസ് പാസായത്. 98 ശതമാനം മാർക്കോടെ പ്ലസ്ടുവും പാസായി.അതുകഴിഞ്ഞ് വാറങ്ങൽ എൻ.ഐ.ടിയിൽ ബി.ടെക്കിനു ചേർന്നു. പഠനം കഴിഞ്ഞയുടൻ ഹൈദരാബാദിലെ ക്വാൽകോമിൽ സീനിയർ ഹാർഡ് വെയർ എൻജിനീയറായി ജോലിക്ക് കയറി.
ജോലിക്കിടെയായിരുന്നു സിവിൽ സർവീസ് പരിശീലനം. അവധി ദിവസങ്ങളും വീണുകിട്ടുന്ന ഒഴിവു സമയങ്ങളും പഠനത്തിനായി മാറ്റിവെച്ചു. സായ് കിരൺ രണ്ടാമത്തെ ശ്രമത്തിലാണ് 27ാം റാങ്ക് നേടുന്നത്. ആദ്യശ്രമം 2021ലായിരുന്നു. അതിൽ ഇന്റർവ്യൂ വരെയെത്താനായി. രണ്ടാമത്തെ ശ്രമത്തിൽ ഐ.എ.എസ് എന്ന സ്വപ്നവും സഫലമാക്കി.