ആലപ്പുഴ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിക്കുന്നതു രണ്ട് ഇന്ത്യയെയെന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എൽ.ഡി.എഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കൾക്കു വേണ്ടി തിളങ്ങുന്ന ഇന്ത്യയെയും പാവങ്ങൾക്കായി കഷ്ടപ്പാടിന്റെ ഇന്ത്യയും. കള്ളപ്പണം പിടിച്ചെടുത്തു ജനങ്ങൾക്കു നൽകുമെന്നു പറഞ്ഞ മോദി ഇപ്പോൾ കള്ളപ്പണം ഇലക്ടറൽ ബോണ്ടിന്റെ രൂപത്തിൽ വാങ്ങുകയാണ്.
മോദിക്കെതിരെ പൊരുതുന്നെന്നു പറയുന്ന യു.ഡി.എഫ് വിമർശിക്കുന്നത് എൽ.ഡി.എഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. ഇത് അവസരവാദമാണ്. പൗരത്വ നിയമത്തിനെതിരെ ഞങ്ങൾക്കൊരു വീക്ഷണമുണ്ട്. പാർലമെന്റിലും പുറത്തും ഞങ്ങളതിനെ എതിർത്തു. കോടതിയിലും പോരാടുന്നു. ജമ്മു കശ്മീരിൽ 370ാം വകുപ്പ് ഒറ്റ രാത്രികൊണ്ട് എടുത്തു കളഞ്ഞു നേതാക്കളെ ജയിലിൽ അടച്ചപ്പോഴും എതിർത്തത് ഇടതുപക്ഷമാണ്. ബിൽക്കീസ് ബാനു കേസിൽ പ്രതികളെ രക്ഷപ്പെടാൻ അധികാരികൾ അനുവദിച്ചപ്പോൾ സി.പി.എം സുപ്രീം കോടതിയിൽ പോയി. കുറ്റക്കാരെ ജയിലിലാക്കി.
രാജ്യവും മതനിരപേക്ഷതയും അപകടത്തിലായപ്പോഴൊക്കെ കേരളം വഴികാട്ടിയിട്ടുണ്ട്. 2004 ൽ എൽ.ഡി.എഫിന് ഇവിടെ 18 സീറ്റ് കിട്ടി. മതനിരപേക്ഷ സർക്കാർ വരണമെന്നും അതിനൊപ്പം ശക്തമായ ഇടതുപക്ഷം വേണമെന്നുമുള്ള തീരുമാനമായിരുന്നു അത്. അന്നു രാജ്യത്ത് ഇടതുപക്ഷത്തിന് ആകെ 61 സീറ്റ്. അതിൽ 57 എം.പിമാരും കോൺഗ്രസിനെ തോൽപിച്ചു വന്നതാണ്. എന്നിട്ടും യു.പി.എ സർക്കാർ വരാൻ അവർ പിന്തുണ നൽകി. അതാണു ഗ്യാരന്റി. തൊഴിലുറപ്പു നിയമം, വിവരാവാകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങി ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന പല നടപടികളും അന്നുണ്ടായത് ഇടതുപക്ഷത്തിന്റെ ഇടപെടൽകൊണ്ടാണ്. സമാന സാഹചര്യമാണ് ഇപ്പോഴും.
വൻ അഴിമതിയുടെ കാലമാണിത്. ബോണ്ട് വാങ്ങാത്തത് ഇടതുപക്ഷം മാത്രമാണ്. എതിർത്തതും ഇടതു പാർട്ടികളാണ്. ഇലക്ടറൽ ബോണ്ട് വാങ്ങിയാൽ പകരം വിമാനത്താവളങ്ങളും തുറമുഖങ്ങളും തരാമെന്നാണു ബി.ജെ.പിയുടെ വാഗ്ദാനം. ബി.ജെ.പി ഭരണത്തിൽ അമൃതകാലമെന്നാണു മോദി പറയുന്നത്. സമുദ്രം കടഞ്ഞ് അമൃതെടുത്തപ്പോൾ ഒപ്പം വിഷവുമുണ്ടായിരുന്നു. അമൃത് കിട്ടിയതു ചീത്തയാളുകൾക്കാണ്. വിഷം നല്ലവർക്കും. ആ അമൃത് വീണ്ടെടുക്കാൻ വലിയ ശ്രമങ്ങൾ നടന്നു. അമൃത് ഇപ്പോൾ ചീത്തയാളുകളുടെ കൈയിലാണ്. അതു വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും യച്ചൂരി പറഞ്ഞു.