ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപ്പൺ എഐ ഇന്ത്യയിൽ അവരുടെ ആദ്യത്തെ നിയമനം നടത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്രയെ ആണ് സാം ആൾട്ട്മാന്റെ കമ്പനി നിയമിച്ചിരിക്കുന്നത്. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്‌സ്, പാര്‍ട്നര്‍ഷിപ്പ് മേധാവിയായാണ് പ്രഗ്യ മിശ്രയെ തെരഞ്ഞെടുത്തത്. ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ചുമതലയാണ് അവർക്ക്.
39 കാരിയായ പ്രഗ്യ, 2021 ജൂലൈ മുതൽ കോൺടാക്റ്റ് വെരിഫിക്കേഷൻ കമ്പനിയായ ട്രൂകോളറിൻ്റെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ മന്ത്രാലയങ്ങൾ, നിക്ഷേപകർ, പ്രധാന പാര്‍ട്നർമാർ, മാധ്യമ പങ്കാളികൾ എന്നിവരുമായി ചേർന്ന് കമ്പനിക്ക് വേണ്ടി പ്രവർത്തിക്കലായിരുന്നു അവരുടെ ജോലി. ട്രൂകോളറിന് മുമ്പ്, മൂന്ന് വർഷത്തോളം മെറ്റാ പ്ലാറ്റ്‌ഫോമിലും പ്രഗ്യ ജോലി ചെയ്തിരുന്നു. 2018-ൽ വ്യാജ വാർത്തകൾക്കെതിരായ വാട്ട്‌സ്ആപ്പിൻ്റെ പ്രചാരണത്തിന് അവരായിരുന്നു നേതൃത്വം നൽകിയത്. വാട്ട്‌സ്ആപ്പിൻ്റെ ഇന്ത്യയിലെ ആദ്യത്തെ ജീവനക്കാരിയായിരുന്നു മിശ്ര.
2012-ൽ ഇൻ്റർനാഷണൽ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബിഎ നേടിയ പ്രഗ്യ മിശ്ര, ഏണസ്റ്റ് ആൻഡ് യങ്ങിലും ന്യൂഡൽഹിയിലെ റോയൽ ഡാനിഷ് എംബസിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു പ്രഗ്യ കൊമേഴ്സിൽ ബിരുദം നേടിയത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്നും ഡിപ്ലോയും നേടിയിട്ടുണ്ട്.