ബഗ്ദാദ്: തലസ്ഥാന നഗരത്തിൽനിന്ന് 50 കിലോമീറ്റർ മാറി ഇറാഖിൽ ഇറാൻ അനുകൂല മിലീഷ്യയുടെ താവളത്തിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ഔദ്യോഗിക സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന പോപുലർ മൊബിലൈസേഷൻ സേന (പി.എം.എഫ്) മിലീഷ്യയുടെ ബാബിലിലെ കൽസോ സൈനിക താവളമാണ് വെള്ളിയാഴ്ച പുലർച്ച ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളും വാഹനങ്ങളും തകർന്നു. വൻ ഗർത്തവും രൂപപ്പെട്ടു. അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് സംഘടന കുറ്റപ്പെട്ടുത്തി. എന്നാൽ, യുദ്ധവിമാനങ്ങളോ ഡ്രോണുകളോ ഈ സമയം താവളപരിസരത്ത് കാണപ്പെട്ടില്ലെന്ന് ഇറാഖ് സൈന്യം പറഞ്ഞു.
തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്ന് യു.എസും അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ഇറാഖ് സർക്കാർ അറിയിച്ചു. ഇറാഖ് ഫെഡറൽ പൊലീസ്, ഇറാഖ് സൈന്യം എന്നിവയുടെ താവളങ്ങളും തൊട്ടുചേർന്ന് സ്ഥിതിചെയ്യുന്നുണ്ട്.
പരിക്കേറ്റവരിൽ മിലീഷ്യ അംഗങ്ങൾക്ക് പുറമെ ഇറാഖ് പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരുമുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം കൂടുതൽ മൂർച്ഛിച്ചുനിൽക്കുന്നതിനിടെയുണ്ടായ സ്ഫോടനം മേഖലയിൽ സംഘർഷം ശക്തമായി തുടരുന്നുവെന്ന സൂചന നൽകുന്നതാണ്.
വെള്ളിയാഴ്ച പുലർച്ച ഇറാൻ നഗരമായ ഇസ്ഫഹാനിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. നിരവധി യുദ്ധവിമാനങ്ങളടക്കം നിർത്തിയിട്ട താവളത്തിനു സമീപത്തായിരുന്നു ആക്രമണം. ആണവനിലയം ആക്രമിക്കപ്പെട്ടില്ലെങ്കിലും ഇവിടങ്ങളിലെ ഇറാൻ പ്രതിരോധ സംവിധാനം തകർത്തതായി പാശ്ചാത്യ മാധ്യമങ്ങൾ അവകാശപ്പെട്ടു. എന്നാൽ, കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഇറാൻ വാദം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല.