ഹൈദരാബാദ്: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കില്‍ ഇത്തവണ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഓറഞ്ച് പട പോയന്‍റ് പട്ടികയില്‍ രണ്ടാമതാണ്. സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ് ഇപ്പോള്‍ ഹൈദരാബാദിന് മുന്നിലുള്ള ഏക ടീം. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ഡിസംബറില്‍ നടന്ന താരലേലത്തില്‍ വന്‍തുക മുടക്കി സൂപ്പര്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ചപ്പോള്‍ ആരാധകര്‍ പോലും കരുതിയത് ഹൈദരാബാദ് ഇവരെയെല്ലാം പ്ലേയിംഗ് ഇലവനില്‍ എങ്ങനെ കളിപ്പിക്കുമെന്നതായിരുന്നു.എന്നാല്‍ ഇത്തവണ ടീമിലെത്തിയ വമ്പന്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുമ്പോള്‍ അതിന് കാരണക്കാരനായത് തമിഴ്നാടിന്‍റെ തലൈവരായ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്താണെന്ന് ഹൈദരാബാദിന്‍റെ അധികം ആരാധകരൊന്നും ഓര്‍ക്കുന്നുണ്ടാവില്ല.കഴിഞ്ഞ വര്‍ഷം നടന്ന ഒരു സിനിമാ ചടങ്ങില്‍ സൂപ്പര്‍ താരം രജനീകാന്ത് സണ്‍റൈസേഴ്സ് ടീം ഉടമയായ കലാനിധിമാരനോട് ഒരു കാര്യം പരസ്യമായി അഭ്യര്‍ത്ഥിച്ചിരുന്നു.
അടുത്ത ഐപിഎല്‍ സീസണിലെങ്കിലും സണ്‍റൈസേഴ്സ് കുറച്ചു നല്ല കളിക്കാരെ ടീമിലെടുക്കണമെന്നും ഹൈദരാബാദ് തോല്‍ക്കുമ്പോള്‍ കലാനിധി മാരന്‍റെ മകളായ കാവ്യയുടെ മുഖത്തെ സങ്കടം കാണാനാവുന്നില്ലെന്നും ആയിരുന്നു അന്ന് തലൈവര്‍ കലാനിധിമാരനയെും കാവ്യയെയും സദസിലിരുത്തി മൈക്കിലൂടെ പറഞ്ഞത്. അത് കേട്ട് ഇരുവരും ചിരിച്ചെങ്കിലും തലൈവരുടെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ച കലാനിധിമാരന്‍ താരലേലത്തില്‍ ട്രാവിസ് ഹെഡ്, പാറ്റ് കമിന്‍സ്, വാനിന്ദു ഹസരങ്ക എന്നീ വമ്പന്‍മാരെ ടീമിലെത്തിച്ചു.
ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെങ്കിലും പാറ്റ് കമിന്‍സിനായി 20.5 കോടി രൂപ മുടക്കിയത് കണ്ട് ആരാധകര്‍ പോലും അന്ന് അമ്പരന്നു. ട്രാവിസ് ഹെഡിനായി വാരിയെറിഞ്ഞത് 6.8 കോടി രൂപയായിരുന്നു. വന്‍തുക കൊടുത്ത് ടീമിലെത്തിച്ച കമിന്‍സിനെ നായകനാക്കിയ ഹൈദരാബാദ് സീസണില്‍ അടിച്ചു തകര്‍ക്കുമ്പോല്‍ ഹൈദരാബാദ് ആരാധകര്‍ ശരിക്കും നന്ദി പറയേണ്ടത് തലൈവര്‍ രജനീകാന്തിനോടാണ്. ഹൈദരാബാദ് മിന്നും പ്രകടനം തുടരുമ്പോള്‍ രജനീകാന്തിന്‍റെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.