പുന്നയൂർക്കുളം: ഡൽഹിയിൽ കർഷക സമരം നടക്കുമ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമര രംഗത്തേക്ക് വിവിധ മുഖ്യമന്ത്രിമാരും എം.പിമാരും എത്തിയെങ്കിലും കേരളത്തിലെ യു.ഡി.എഫ് എം.പിമാർ തിരിഞ്ഞു നോക്കിയില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. തൃശൂർ മണ്ഡലം ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം സംഘടിപ്പിച്ച റാലിക്കു ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭരണഘടന നിലനിർത്തുവാനുള്ള തെരഞ്ഞെടുപ്പാണെന്നും പാവങ്ങളുടെയും അടിച്ചമർത്തപ്പെട്ട വന്റെയും കർഷകരുടെയും ആവശ്യങ്ങൾ ഉന്നയിക്കുവാൻ കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ് എം.പിമാർ ഡൽഹിയിൽ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി. അബ്ദുൽ ഖാദർ സംസാരിച്ചു. ടി. പ്രവീൺ പ്രസാദ് സ്വാഗതവും വി. അപ്പു നന്ദിയും പറഞ്ഞു.