പാനൂർ: കെ.കെ. ശൈലജക്കെതിരെയുള്ള യു.ഡി.എഫ് പ്രചാരണം സാംസ്കാരിക കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂരിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശൈലജയുടെ സ്വീകാര്യതക്കെതിരെ അഴിച്ചുവിട്ട പ്രചാരണം എതിരാളികൾക്കുതന്നെ വിനയായി. കേരള വിരുദ്ധ മനസ്സ് ബി.ജെ.പിക്കൊപ്പം യു.ഡി.എഫിനും വന്നു കഴിഞ്ഞു. കേരളത്തിനോട് കാണിക്കുന്ന അവഗണക്കെതിരെ പ്രതികരിക്കാൻ യു.ഡി.എഫിെന്റ എം.പിമാർ തയാറായില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിനെ എവിടെയും കണ്ടില്ല. കോൺഗ്രസിന്റെ പ്രകടന പത്രികയിലും മൗനമാണ്.
രാഹുൽ ഗാന്ധി രാജ്യത്തിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി രാജ്യത്തുടനീളം യാത്ര നടത്തിയെങ്കിലും പൗരത്വ വിഷയം അതിൽ പരാമർശിച്ചതേയില്ല. പൗരത്വ വിഷയത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധി പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല -പിണറായി പറഞ്ഞു. കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.കെ. ശൈലജ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ, പി.പി. ദിവാകരൻ, ടി.എൻ. ശിവശങ്കരൻ, റഫീഖ് തങ്ങൾ തൃശ്ശൂർ, ഡി. മുനീർ, ഇ. മഹമൂദ് എന്നിവർ സംസാരിച്ചു. കെ. ധനഞ്ജയൻ സ്വാഗതം പറഞ്ഞു.