ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ബിച്പുരി ഗ്രാമത്തിൽ അഞ്ചുവയസ്സുകാരിയെ കുരങ്ങുകൾ ക്രൂരമായി കടിച്ചുകൊന്നു. ബിത്രി ചെൻപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണു സംഭവം ഉണ്ടായത്. പ്രദേശത്തു കൂടിയൊഴുകുന്ന നകടിയ നദിയുടെ കരയിൽ തന്റെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെ കുരങ്ങുകളുടെ സംഘമെത്തി ആക്രമിക്കുകയായിരുന്നു. മറ്റു കുട്ടികൾ രക്ഷപ്പെട്ടെങ്കിലും നർമദയ്ക്ക് രൂക്ഷമായ ആക്രമണമേറ്റു.
ശരീരത്തിൽ മുറിവുകൾ പറ്റി രക്തം ഒരുപാടൊഴുകിപ്പോയതോടെ മരണം സംഭവിച്ചു. ദിവസ വേതന തൊഴിലാളിയായ നന്ദ് കിഷോറിന്റെ മൂന്നുമക്കളിൽ ഏറ്റവും ഇളയ കുട്ടിയാണു നർമദ. നേരത്തെ പ്രദേശത്ത് കോഴികളെയും മറ്റു വളർത്തുമൃഗങ്ങളെയും കുരങ്ങൻമാർ ആക്രമിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ആക്രമിച്ച സംഭവങ്ങൾ കുറവാണെന്നു നാട്ടുകാർ പറയുന്നു.