കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് രൂപീകരിച്ച ‘സി-വിജില്‍’ ആപ്പ് അതിവേഗ പരാതിപരിഹാരമാണ് നടത്തുന്നതെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എന്‍. ദേവിദാസ്. സാധാ സമയവും ‘വിജിലന്റായ’ ടീമിനെയാണ് പരാതി പരിഹാരത്തിനായി ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ‘11,621 പരാതികളാണ് ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നിന്നായി ലഭിച്ചത്. ഇതില്‍ 11,368 പരാതികള്‍ ശരിയെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചു കഴിഞ്ഞു. 250 പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. മുന്ന് കേസുകളില്‍ അന്വേഷണ നടപടികള്‍ നടത്തി വരുന്നു.
ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നാണ് (2,083). കഴമ്പുണ്ടെന്ന് കണ്ടെത്തിയ മുഴുവന്‍ പരാതികളും മണ്ഡലത്തില്‍ പരിഹരിച്ചിട്ടുണ്ട്. പരാതി ലഭിച്ചു 100 മിനിറ്റിനകം പരിഹരിക്കപ്പെടുകയാണ് എന്ന സവിശേഷതയാണ് ശ്രദ്ധേയം.’ പ്ലേ സ്റ്റോര്‍, ആപ്പ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ മുഖേന പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയോടൊപ്പം ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാം എന്നും കലക്ടര്‍ അറിയിച്ചു.