അബുദാബി: യുഎഇയിൽ നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ വരും ദിവസങ്ങളിൽ വരാനിരിക്കുന്ന മഴയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായിരുന്ന കാലാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്ര തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം ഖത്തറിലും ഒമാനിലും മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. ഖത്തറിൽ ഞായറാഴ്ച രാത്രി ഇടിമിന്നലോടെയുള്ള മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി പ്രതിദിന കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതൽ നാല് അടി വരെ ഉയരത്തിൽ തിരയടിച്ചേക്കും. ഇത് എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ട്.