ബെംഗളൂരു: ഹുബ്ബള്ളി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമഠിന്‍റെ മകളുടെ കൊലപാതകത്തിന്റെ നടുക്കം മാറാതെ കർണാടക. നേഹ ഹിരേമഠിനെ മുൻ സുഹൃത്തായ ഫയാസ് പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് കുത്തിക്കൊലപ്പെടുത്തിയത്. ഇതിനിടെ, ഫയാസിന്‍റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ അടക്കം കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ വീട്ടിലെത്തി.
നാടിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയവിവാദമായി കത്തുകയാണ് കർണാടകയിലെ ഹുബ്ബള്ളിയിൽ. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്പസിൽ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. ഇത് ലൗ ജിഹാദാണെന്ന് നേഹയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും എബിവിപിയും രംഗത്തെത്തി.
തുടർന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, നേഹയുടെ കുടുംബാംഗങ്ങളെ കാണാൻ ഹുബ്ബള്ളിയിലെത്തിയത്. ഇതിനിടെ പ്രതി ഫയാസിന്‍റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറയുന്ന ദൃശ്യവും പുറത്ത് വന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫയാസിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.