പൊള്ളാച്ചി: പൊള്ളാച്ചിയിൽ റോഡ് വികസനത്തിനായി 27 പുളിമരങ്ങൾ വെട്ടാനുള്ള അപേക്ഷ തള്ളി കോയമ്പത്തൂർ ജില്ലാ ഭരണകൂടം. ഈ റൂട്ടിൽ അപകടങ്ങൾ പതിവായതോടെ ആണ് റോഡ് വികസനത്തിന് പദ്ധതി ഇട്ടത്. പൊള്ളാച്ചി ആനമലൈ റോഡിൽ ആംബരംപാളയം മുതൽ സേതുമടൈ വരെയുള്ള 16 കിലോമീറ്റർ ദൂരമാണ് 50 വർഷത്തോളം പ്രായമുള്ള പുളി മരങ്ങൾ വലിയ രീതിയിൽ തണൽ വിരിച്ച് നിൽക്കുന്നത്. ഇതിൽ താത്തൂർ ജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗത്തെ 27 മരങ്ങൾ മുറിച്ച് നീക്കണമെന്നായിരുന്നു നിർദ്ദേശങ്ങൾ ഉയർന്നത്.
2.2 കോടി രൂപ ചെലവിൽ ജംഗ്ഷനും സമീപത്തെ 200 മീറ്റർ രണ്ട് വരിപാതയും വികസിപ്പിക്കാനാണ് പദ്ധതി മുന്നോട്ട് വച്ചത്. ജൂൺ 27ന് പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചത്. എന്നാൽ ഒരു മേഖലയിലെ തണൽ മരങ്ങൾ മുഴുവൻ മുറിച്ച് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെ മരങ്ങൾ വെട്ടാനുള്ള നീക്കം ഉപേക്ഷിച്ചത്.
പൈതൃക പാതയായി റോഡിനെ കാണണമെന്നും തണൽ മരങ്ങൾ മുറിച്ച് മാറ്റുന്നത് പ്രദേശത്തെ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥയേയും ചൂട് വർധിപ്പിക്കാനും കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ വിശദമാക്കിയിരുന്നു. മേഖലയിൽ അടുത്തിടെ മൂന്ന് പേരാണ് അപകടങ്ങളിൽ കൊല്ലപ്പെട്ടത്. വേഗ നിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കറടക്കമുള്ളവ ഇവിടെ സ്ഥാപിച്ചിരുന്നു. എന്നിട്ടും റോഡ് അപകടങ്ങൾ കുറയാതെ വന്നതോടെയാണ് ജംഗ്ഷനും ഇരുവശങ്ങളിലേക്ക് 200 മീറ്റർ റോഡും നവീകരിക്കാനുള്ള പദ്ധതി ജില്ലാ പരിസ്ഥിതി കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ചത്.