ദില്ലി: പശ്ചിമബംഗാളില്‍ തൃണമൂല്‍ സർക്കാരിന് തിരിച്ചടി. 2016ലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കാൻ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സംസ്ഥാനതല പരീക്ഷയിലൂടെ സർക്കാർ-എയ്ഡഡ് സ്കൂളുകളില്‍ നടത്തിയ നിയമനങ്ങളാണ് റദ്ദാക്കിയത്. അടുത്ത 15 ദിവസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താനുള്ള നടപടി സ്വീകരിക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐ കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി വ്യാപകമായി അധ്യാപക-അനധ്യാപക നിയമനം നടത്തിയെന്നാണ് കേസ്. അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള ഹൈക്കോടതി ഉത്തരവ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപിക്ക് ഉപയോഗിക്കാനുള്ള വിഷയമായി മാറും
അതേസമയം, തൃണമൂല്‍ കോൺഗ്രസിന്‍റെ എതിര്‍പ്പില്‍ പ്രകടനപത്രിക പുറത്തിറക്കാനാവാതെ വലയുകയാണ് കോണ്‍ഗ്രസ്. ജാതിസെന്‍സെസ് വാഗ്ദാനത്തെ മമത ബാനര്‍ജ്ജി എതിര്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമാവുന്നത്. സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം കാട്ടി ബംഗാളില്‍ ഒറ്റക്ക് നീങ്ങുന്ന മമത, സഖ്യത്തിന്‍റെ പൊതു പ്രകടനപത്രികയിലും എതിര്‍പ്പ് ഉന്നയിക്കുകയാണ്. ജാതിസെന്‍സെസ് പ്രധാന വാഗ്ദാനമായി ഉന്നയിച്ച് പ്രകടന പത്രിക പുറത്തിറാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം ആര്‍ജെഡി, എന്‍സിപി, ഇടത് കക്ഷികളൊക്കെ സ്വാഗതം ചെയ്തുവെങ്കിലും ജാതിസെന്‍സസ് കോണ്‍ഗ്രസിന്‍റെ അജണ്ടയാണെന്നും അതിന്‍റെ പിന്നാലെ പോകാനില്ലെന്നുമാണ് മമതയുടെ ആക്ഷേപം. മാത്രമല്ല കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്‍പോട്ട് വനിത ക്ഷേമ പദ്ധതികളും, അഗ്നിപഥ് പിന്‍വലിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ അതേപടി പകര്‍ത്തിയാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രകടന പത്രിക തയ്യാറാക്കുന്നതെന്നും മമത ആരോപിക്കുന്നു. അതുകൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന നിലപാടിലാണ് മമത.