ദില്ലി: കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പ്രമുഖ ഇന്ത്യൻ മസാല ബ്രാൻഡുകളെ നിരോധിച്ച് ഹോങ്കാങ്ങ്. എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെയാണ് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉൽപ്പന്നങ്ങളായ കറി പൗഡർ, മിക്‌സഡ് മസാല പൊടി, സാബാർ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്‌സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു.
സ്ഥിരമായി നടത്തുന്ന ഭക്ഷ്യ വസ്തു നിരീക്ഷണത്തിലാണ് നാല് ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചതെന്നും ഇവയിൽ മനുഷ്യ ശരീരത്തിന് അനുയോജ്യമല്ലാത്ത എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം പറഞ്ഞു. കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ പരിധിക്കപ്പുറം വിൽക്കുന്നത് ഹോങ്കോങ്ങിലെ നിയന്ത്രണങ്ങൾ നിരോധിക്കുന്നു. ഫുഡ് റെഗുലേഷനിലെ കീടനാശിനി അവശിഷ്ടങ്ങൾ (അനുസരിച്ച്, കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയ മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണം കഴിക്കുന്നത് അപകടകരമോ ആരോഗ്യത്തിന് ഹാനികരമോ അല്ലെങ്കിൽ മാത്രമേ വിൽക്കാവൂ എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം റിപ്പോർട്ട് പറയുന്നു.