ദില്ലി : രാജസ്ഥാൻ പ്രസംഗം വിവാദമായതോടെ മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദിയുടെ അലിഗഢ് പ്രസംഗം. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധനത്തിലൂടെ പെൺകുട്ടികളുടെ കണ്ണീർ താൻ തുടച്ചു. തീര്‍ത്ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. മുസ്ലീം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിർവാദം തനിക്കുണ്ടെന്നും മോദി പറഞ്ഞു.
മുസ്ലീങ്ങൾക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മുസ്ലിം വോട്ട് മാത്രമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. കോൺഗ്രസ് സാമ്പത്തിക സർവേ നടത്തുന്നു. സമ്പത്ത് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. പാരമ്പര്യ സ്വത്തുക്കൾ പോലും അന്യമാക്കും. കോൺഗ്രസ് ഭരണകാലത്ത് രാജ്യത്തിന്റെ അതിർത്തികൾ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ വീര ജവാന്മരെ പാകിസ്ഥാൻ വധിച്ചു. ആ സമയത്തും കോൺഗ്രസ് മിണ്ടാതിരുന്നു. ഇപ്പോൾ അതാണോ സ്ഥിതിയെന്ന് മോദി ചോദിച്ചു. പ്രത്യേക പദവിയിൽ കശ്മീരിൽ വിഘടനവാദികൾ അഴിഞ്ഞാടിയ സ്ഥിതിയുണ്ടായെന്നും വിഘടന വാദത്തിന് ബിജെപി സർക്കാർ അറുതി വരുത്തിയെന്ന് മോദി അവകാശപ്പെട്ടു.