ന്യൂഡൽഹി: വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകൾ ലഭിക്കും. ഇതിനുള്ള നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കുടിയേറ്റ – യാത്ര മേഖലകളിൽ ഉണ്ടാക്കിയ പുതിയ ധാരണകൾ പ്രകാരമാണ് വിസ നിബന്ധനകളിലെ ഇപ്പോഴത്തെ ഇളവ്.അമേരിക്കയിലേക്ക് 10 വർഷ സന്ദർശക വിസയും യുകെയിലേക്ക് വലിയ ഫീസ് നൽകിയെങ്കിലും ദീർഘകാല സന്ദർശക വിസയും ലഭിക്കുമ്പോൾ തന്നെ ഇന്ത്യക്കാർക്ക് ഷെങ്കൻ വിസകൾ ലഭിക്കുന്നതിൽ ഏറെ കടമ്പകളാണുണ്ടായിരുന്നത്. കുറഞ്ഞ വിസാ കാലാവധി കാരണം സ്ഥിരം സന്ദർശകർ സങ്കീർണമായ നടപടിക്രമങ്ങളിലൂടെ ഇടയ്ക്കിടെ കടന്നുപോകേണ്ടി വന്നിരുന്നത് പുതിയ പരിഷ്കാരത്തോടെ ഒഴിവാകും.
ഇന്ത്യക്കാർക്കായി പുതിയതായി യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന ‘കാസ്കേഡ്’ സംവിധാനം അനുസരിച്ച്, ഇന്ത്യൻ പൗരന്മാർക്ക് ആദ്യം രണ്ട് വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കൻ വിസകൾ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തിരിക്കണമെന്നാണ് ഈ വിസ ലഭിക്കാനുള്ള വ്യവസ്ഥ. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ പാസ്പോർട്ടിന് കാലാവധിയുണ്ടെങ്കിൽ അഞ്ച് വർഷ വിസയായിരിക്കും തുടർന്ന് ലഭിക്കുക. വിസയില്ലാതെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കാവുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ലഭിക്കുന്നതിന് തുല്യമായ എല്ലാ സൗകര്യങ്ങളും ഈ വിസകളുള്ള ഇന്ത്യൻ പൗരന്മാർക്കും ലഭിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.