ആലുവ: പേയിളകിയ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്.
എറണാകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ഈ മാസം രണ്ടിനാണ് ആലുവ കെ.എസ്.ആർ.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്. പേ ഇളകിയപോലെ അക്രമാസക്തയായിരുന്ന നായ് വിവിധ സമയങ്ങളിലായി 13 ഓളം പേരെയാണ് കടിച്ചത്.
തൊഴിലുറപ്പ് ജോലിക്കാരനായ പത്രോസ് പൈലി ആലുവ ജില്ല ആശുപത്രിയിൽ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ ഭാഗമായി തുടർ പരിശോധനക്ക് ഡോക്‌ടറെ കാണാൻ ആശുപ്രതിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ് ആക്രമിച്ചത്. തുടർന്ന് സാധാരണ നൽകുന്ന വാക്സിൻ പത്രോസ് പൈലി എടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് ഇയാൾക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്.
പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പത്രോസ് പൈലിയെ പേവിഷ ബാധയുണ്ടായിരുന്നതിനാൽ ഐസൊലേഷൻ വാർഡിലാണ് കിടത്തിയിരുന്നത്. ജനങ്ങളെ ആക്രമിച്ച നായെ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി കൂട്ടിലടച്ചിരുന്നു. പിന്നീട് നായ് മരിച്ചതിനെ തുടർന്ന് പോസ്റ്റ് മോർട്ടം ചെയ്തതോടെയാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്.
ഇതേ തുടർന്ന് കടിയേറ്റവർ ജാഗ്രതയിലായിരുന്നു. ഇതിനിടയിൽ പോളച്ചൻറെ മരണമുണ്ടായതോടെ ഇവർ ഭീതിയിലായിട്ടുണ്ട്. നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തെരുവിൽ അലയുന്ന 68 ഓളം നായ്ക്കളെ പിടികൂടി കുത്തിവെപ്പ് നൽകിയിട്ടുണ്ട്.
പേവിഷ ബാധയേറ്റ് മരിച്ച നായുടെ കടിയേറ്റ മറ്റു നായ്ക്കൾക്ക് വിഷ ബാധയേറ്റിട്ടുണ്ടോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
എൽസിയാണ് പത്രോസ് പൈലിയുടെ ഭാര്യ. മക്കൾ: റിജോ, റിന്റോ. മരുമക്കൾ: ജിജി, ജിന്റോ.