ചെറുവത്തൂർ: കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി.എൽ.ഒ എം. രവിയെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ സസ്പെൻഡ് ചെയ്തത്.
കള്ളവോട്ടിന് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് ചെമ്പ്ര കാനത്തെ എം.വി. ശിൽപരാജ് നൽകിയ പരാതിയിലാണ് നടപടി. വോട്ടർ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടതിനെ തുടർന്ന് ശിൽപ രാജ് പുതിയതിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പുതിയത് കിട്ടുമ്പോഴേക്കും പഴയതും തിരിച്ച് കിട്ടിയിരുന്നു.
തിമിരി തച്ചർണ്ണം പൊയിലിലെ നാൽപതാം നമ്പർ ബൂത്തിൽ രണ്ടു വോട്ടുകൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട ശിൽപ രാജ് ഒന്ന് നീക്കം ചെയ്ത് തരാൻ താലൂക്കിൽ നിവേദനം നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥൻ രണ്ടു വോട്ടുകൾ ഉള്ളത് വലിയ കാര്യമല്ലെന്നും കുറേ പേർക്ക് ഇങ്ങനെയുണ്ടെന്നും അറിയിക്കുകയായിരുന്നു. മാത്രമല്ല ഇടത് പക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടുകൾ ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതു സംബന്ധിച്ച് ശിൽപ രാജ് ജില്ലാ കലക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കുമാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.