കോഴിക്കോട്> ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്‌ത്രക്രിയകൾ മുടങ്ങുമെന്ന രീതിയിലുള്ള പ്രചാരണം തെറ്റ്. ഒറ്റ ദിവസംപോലും മുടങ്ങാതെ ദിവസേന 20 ശസ്‌ത്രക്രിയകൾ നടക്കുമ്പോഴാണ് സ്‌റ്റെന്റുൾപ്പെടെയുള്ള ഉപകരണങ്ങളില്ലെന്നും നാല് ദിവസത്തിനകം ശസ്‌ത്രക്രിയ മുടങ്ങുമെന്നും മനോരമ തെറ്റായ വാർത്ത നൽകുന്നത്.ഹൃദയാഘാത നിരക്ക് കൂടിയതിനാൽ മുൻകാലത്തേക്കാൾ കൂടുതൽ കേസുകളുണ്ടിപ്പോൾ. അടിയന്തരമായി ചെയ്യേണ്ട 10 കേസുകൾ ദിവസവും വരുന്നുണ്ട്. ഇതിന് പുറമെ നേരത്തെ നിശ്‌ചയിച്ച കേസുകൾ കൂടി ആവുമ്പോൾ ദിവസം ഇരുപതിലധികം രോഗികൾക്കാണ് ശസ്‌ത്രക്രിയ നടത്തുന്നത്. ഇതിന് പുറമെ മാസത്തിലൊരിക്കൽ കുട്ടികളുടെ ഹൃദയശസ്‌ത്രക്രിയകളും ചെയ്യുന്നു.
ഇത്രയേറെ കേസുകൾ നടക്കുമ്പോഴും മുടക്കമില്ലാതെ മുന്നോട്ടുപോവുന്ന സർക്കാർ ആതുലായത്തെക്കുറിച്ചാണ് പത്രം അഭ്യൂഹങ്ങൾ മെനയുന്നത്. ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്‌റ്റി, പേസ് മേക്കർ ഘടിപ്പിക്കൽ, ഹൃദയ ദ്വാരമടയ്‌ക്കൽ തുടങ്ങി പല രീതിയിലുള്ള ശസ്‌ത്രക്രിയകളാണ് മെഡിക്കൽ കോളേജിൽ ചെയ്യുന്നത്. ഇതിനായി സ്‌റ്റെന്റ്, കത്തീറ്റർ, വയർ, ബലൂൺ എന്നീ സാമഗ്രികളാണ് വേണ്ടത്. ഈ വിതരണം ചെയ്യുന്ന കമ്പനികൾക്ക് കുടിശ്ശിക ഉണ്ടെങ്കിലും ശസ്‌ത്രക്രിയ മുടങ്ങുന്ന സാഹചര്യമുണ്ടാകില്ല.
നിലവിൽ ശസ്‌ത്രക്രിയ മുടക്കമില്ലാതെ പോകുന്നുണ്ടെന്നും രണ്ടാഴ്‌ച വരെ ചെയ്യാനുള്ള ഉപകരണങ്ങളുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കുടിശ്ശിക നൽകി പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിട്ടുണ്ട്.