ന്യൂഡല്‍ഹി: ശോഭ സുരേന്ദ്രന്‍ ആരോപിച്ചതുപോലെ കണ്ണൂരിലെ ഉന്നത സി.പി.എം നേതാവിനെ ബി.ജെ.പിയിലെത്തിക്കാന്‍ താൻ ശ്രമം നടത്തിയിട്ടില്ലെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും എന്നാൽ, മറ്റു ഉന്നത നേതാക്കളെ ബി.ജെ.പിയിലെത്തിക്കാന്‍ ശോഭ സുരേന്ദ്രന്‍ തന്റെ സഹായം തേടിയിട്ടുണ്ടെന്നും നന്ദകുമാർ ചാനൽ ചർച്ചയിൽ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവരെ സമീപിച്ചതായി ശോഭ പറഞ്ഞിട്ടുണ്ട്. മൂന്നുപേരും പ്രതികരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍േദശിച്ചിട്ടെന്നാണ് ശോഭ പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയെ ശോഭ സുരേന്ദ്രന്‍ കണ്ടു. ഒരു വിശ്വസ്തന്‍ മുഖേന കെ. മുരളീധരനേയും സമീപിച്ചിരുന്നു. എന്നാല്‍, നീക്കം പാളി. രാമനിലയത്തില്‍ വെച്ച് ഒരു നേതാവും ശോഭയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശോഭ സുരേന്ദ്രന് പണം നല്‍കിയത് സ്ഥലക്കച്ചവടത്തിനാണെന്നും നന്ദകുമാര്‍ പറഞ്ഞു.
പോണ്ടിച്ചേരി ലഫ്. ഗവര്‍ണറാകാന്‍ ശോഭ വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായും അതേ കുറിച്ചുള്ള വിവരങ്ങള്‍ തനിക്കറിയാമെന്നും ഇയാൾ അവകാശപ്പെട്ടു.
സി.പി.എമ്മിലെ തലപ്പൊക്കമുള്ള നേതാവിനെ ബി.ജെ.പിയിൽ എത്തിക്കാം എന്ന് തന്നോട് വാഗ്ദാനം ചെയ്തെന്നും ഇതിനായി കോടികൾ ആവശ്യപ്പെട്ടെന്നും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. നന്ദകുമാറിനോട് 10ലക്ഷം വാങ്ങിയെന്ന കാര്യ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.