ബർലിൻ: ഫലസ്തീന്റെ ജീവനാഡിയായ യു.എൻ.ആർ.ഡബ്ല്യു.എക്ക് ധനസഹായം നൽകുന്നത് പുനസ്ഥാപിക്കുമെന്ന് ജർമനി. ഇസ്രായേൽ നടത്തിയ വ്യാജപ്രചാരണത്തെ തുടർന്ന് ജർമനി അടക്കമുള്ള 15 രാജ്യങ്ങൾ യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം നിർത്തിവെച്ചിരുന്നു. എന്നാൽ, ആരോപണം കള്ളമാണെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ ജർമനി തീരുമാനിച്ചത്. സാമ്പത്തിക സഹകരണം ഉടൻ ആരംഭിക്കുമെന്ന് ജർമൻ വികസന മന്ത്രി സ്വെന്യ ഷൂൾസയും വിദേശകാര്യമന്ത്രി അനലീന ബെയർബോക്കും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ആറുമാസമായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് ഏക ആശ്രയമാണ് 1948ൽ സ്ഥാപിതമായ ഈ ഏജൻസി. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവർത്തനം.
എന്നാൽ, യു.എൻ.ആർ.ഡബ്ല്യു.എയെ നിർവീര്യമാക്കി ഗസ്സക്കാരെ പട്ടിണിക്കിട്ട് കൊല്ലുക എന്ന ലക്ഷ്യത്തോടെ ജനുവരി അവസാന വാരം ഇസ്രായേൽ ഇവർക്കെതിരെ ആസൂത്രിത വ്യാജാരോപണവുമായി രംഗത്തെത്തി. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. നിരവധി ജീവനക്കാർ ഹമാസിൽ പ്രവർത്തിക്കുന്നതായും ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, കാതറിൻ കൊളോണ നടത്തിയ അന്വേണത്തിൽ ഈ ആരോപണങ്ങൾ മുഴുവൻ പച്ചക്കള്ളമാണെന്ന് വ്യക്തമായി. ഹമാസ് ബന്ധം സംബന്ധിച്ച് തെളിവ് നൽകാൻ ഇസ്രായേലിനോട് കൊളോണ ആവശ്യപ്പെട്ടെങ്കിലും ഒന്നും ഹാജരാക്കിയില്ല.
ഏജൻസിയുടെ നിഷ്പക്ഷത സ്ഥിരീകരിച്ച് തിങ്കളാഴ്ച കൊളോണ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും യൂറോപ്യൻ യൂനിയൻ ക്രൈസിസ് മാനേജ്മെൻറ് കമീഷണർ യാനെസ് ലെനാർച്ചിച്ചും അഭ്യർഥിച്ചിരുന്നു. ഇതേതുടർന്നാണ് ആസ്‌ട്രേലിയ, കാനഡ, സ്വീഡൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുപിന്നാലെ ജർമനിയും യുഎൻആർഡബ്ല്യുഎയുമായുള്ള സഹകരണം പുനരാംരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.