ദില്ലി : ഉന്നാവോയിൽ മാസങ്ങൾക്ക് മുമ്പ് കാണാതായ ദളിത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ. സമാജ്‌വാദി പാർട്ടി മുൻ മന്ത്രി ഫത്തേ ബഹദൂർ സിംഗിൻ്റെ ആശ്രമത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം ലഭിച്ചതെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും ഉന്നാവോ പോലീസ് അറിയിച്ചു.
കഴിഞ്ഞ 2 മാസമായി 22 കാരിയെ കാണാതായിരുന്നു. മന്ത്രിയുടെ മകൻ രാജോൾ സിംഗാണ് യുവതിയെ തട്ടി കൊണ്ട് പോയതെന്ന് ബന്ധുക്കൾ ആരോപിച്ചു. പിന്നാലെ മന്ത്രി പുത്രനെ പോലീസ് അറസ്റ്റ് ചെയ്തു. റിമാൻഡിൽ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് എസ്ഒജി സംഘം മൃതദേഹം കണ്ടെടുക്കുന്നത്. ആശ്രമത്തിനടുത്തുള്ള പറമ്പിലാണ് മൃതദേഹം സംസ്കരിച്ചിരുന്നത്.
ലോക്കൽ ഇന്റലിജൻസും മൊബൈൽ നിരീക്ഷണവും ഉപയോഗിച്ചാണ് പോലീസ് സ്ഥലം തിരിച്ചറിഞ്ഞത്. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. അതേസമയം ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.