മലപ്പുറം: ഇതര സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സായുധ പൊലീസ് സേനാംഗങ്ങൾക്ക് വോട്ടവകാശം നഷ്ടമാവും. രണ്ട് സംസ്ഥാനങ്ങളിലായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 1518 പൊലീസുകാരാണ് തപാൽ വോട്ട് സൗകര്യം ലഭിക്കാതെ പ്രതിസന്ധിയിലായത്.
മഹാരാഷ്ട്രയിലേക്ക് 844 പേരും കർണാടകയിലേക്ക് 674 പേരുമാണ് കേരളത്തിൽനിന്ന് പോയത്. ഈ സംസ്ഥാനങ്ങളിലുള്ള സായുധ സേനാംഗങ്ങൾക്ക് തപാൽ ബാലറ്റുകൾ എത്തിച്ച് നൽകാനാവില്ലെന്നും പുതിയ മാനദണ്ഡപ്രകാരം ഇവർ സ്വന്തം മണ്ഡലങ്ങളിൽ മുൻകൂട്ടിയെത്തി വോട്ടിങ് ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്യണമെന്നുമാണ് നിർദേശം. എന്നാൽ, ഇവർ നാട്ടിലെത്തി വോട്ട് ചെയ്യുകയെന്നത് പ്രായോഗികമല്ല. ഇവർ കേരള പൊലീസ്, സായുധ പൊലീസ് ബറ്റാലിയൻ ആസ്ഥാനങ്ങളിൽ മുൻകൂട്ടി പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
മറ്റു സംസ്ഥാനങ്ങളിലടക്കം ഡ്യൂട്ടിയിലുള്ള പൊലീസ് സേനാംഗങ്ങൾക്ക് അവരുടെ ഔദ്യോഗിക മേൽവിലാസത്തിലാണ് മുമ്പ് തപാൽ ബാലറ്റുകൾ എത്തിച്ചിരുന്നത്. തുടർന്ന് അതത് ബറ്റാലിയനുകളിലെ ഇലക്ഷൻ സെല്ലുകളിൽനിന്ന് ഇവർ എവിടെയാണെന്ന് കണ്ടെത്തി പ്രത്യേക ദൂതൻ വഴി ബാലറ്റുകൾ എത്തിച്ചുനൽകുന്നതായിരുന്നു പതിവ്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് ഇത്തരം തപാൽ വോട്ടുകൾ നൽകിയാൽ മതിയായിരുന്നു. ഇത്തവണ ഈ സംവിധാനം ഒരുക്കിയിട്ടില്ലാത്തതാണ് വിനയായത്. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിൽ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ജോലികൾ നൽകുന്നതായും ആക്ഷേപമുണ്ട്.
മഹാരാഷ്ട്ര സ്വദേശിയായ കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇൻ ചാർജ് ആയിട്ട് പോലും മതിയായ യാത്രസൗകര്യങ്ങളും പരിഗണനയും ഇല്ലാതെയാണ് ഡ്യൂട്ടി ചെയ്യിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
മിക്ക ദിവസങ്ങളിലും 50ൽ താഴെ ആളുകൾ പങ്കെടുക്കുന്ന ഉത്സവങ്ങളിലെ ഡ്യൂട്ടിയാണ് സേനാംഗങ്ങൾക്ക് നൽകുന്നതെന്നും ആക്ഷേപമുണ്ട്.
ഇവിടെയുള്ളവരുടെ വോട്ടിലും കല്ലുകടി
മലപ്പുറം: സംസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വോട്ടവകാശത്തിലും പ്രതിസന്ധിയുള്ളതായി പരാതി. തപാൽ വോട്ട് സംവിധാനത്തിൽ വന്ന മാറ്റംമൂലം ഇത്തവണ നിരവധി പേർക്ക് വോട്ടവസരം നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. മലപ്പുറം ജില്ലയിലെ തപാൽ വോട്ടിനപേക്ഷിച്ച ഉദ്യോഗസ്ഥർക്ക് രണ്ട് സ്ഥലങ്ങളിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലുള്ളവർക്ക് എം.എസ്.പിയിലും വയനാട് മണ്ഡലത്തിലുള്ളവർക്ക് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസിലുമാണിത്. വ്യത്യസ്ത തീയതികളിലായിരുന്നു വോട്ടിങ്ങിന് അവസരം. എന്നാൽ, ഇവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീയതിയും സമയവും അറിയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല പൊലീസുകാർക്കും ലഭിച്ചിട്ടില്ല.
വോട്ട് ചെയ്യുന്നതിന് ജില്ലയിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താത്തതും വിനയായി. ഡ്യൂട്ടി തിരക്കിനിടെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും വോട്ട് ചെയ്യാനെത്തിയത്. പൊന്നാനി, എടപ്പാൾ ഭാഗങ്ങളിലുള്ളവർക്ക് മലപ്പുറത്തും അരീക്കോട് ഭാഗത്തുള്ളവർക്ക് നിലമ്പൂരിലുമെത്തേണ്ട സ്ഥിതിയായി. ഈ സെന്ററുകളിൽനിന്ന് കൃത്യമായ അറിയിപ്പ് കിട്ടാഞ്ഞതും പ്രശ്നമായി. സമാനരീതിയിൽ ട്രെയിനികളായ പൊലീസ്, ഫയർ, എക്സൈസ് സേനാംഗങ്ങൾക്കും ഇത്തവണ നാട്ടിലെത്തി വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന പരാതിയുണ്ട്.