ന്യൂഡൽഹി: തെരുവുനായ് ശല്യം പരിഹരിക്കുന്നതിൽ കേരളത്തിലെയടക്കം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവുകളുമായി ബന്ധപ്പെട്ട വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും എന്നാൽ പരിഗണനയിലുള്ള കേസിന്റെ വ്യാപ്തി വിപുലമാക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി. കേസിലെ കക്ഷികൾ ആദ്യം 2023ലെ മൃഗങ്ങളുടെ ജനന നിയന്ത്രണ ചട്ടങ്ങൾ പരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2023ലെ ചട്ടങ്ങളാണ് ഇപ്പോൾ നിലവിലുള്ളതെന്നും അത് പഠിക്കണമെന്നും ബെഞ്ച് പറഞ്ഞു.
ചട്ടങ്ങൾ പഠിക്കാൻ കുറച്ച് സമയം നൽകണമെന്ന് ഹരജിക്കാരിലൊരാളുടെ അഭിഭാഷകൻ പറഞ്ഞു. ഈ നിയമമാണ് കാര്യത്തിന്റെ കാതലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ചട്ടങ്ങൾ പരിശോധിച്ചാൽ തെരുവുനായ് ശല്യത്തിലെ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. അതിനുശേഷവും എന്തെങ്കിലും കാരണമുണ്ടെങ്കിൽ കക്ഷികൾക്ക് ഹൈകോടതിയെ സമീപിക്കാം. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മേയ് എട്ടിലേക്ക് മാറ്റി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹരജികൾ പരിഗണിക്കവേ, വിഷയത്തിൽ ഇടക്കാല നിർദേശം നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രസക്തമായ ചട്ടങ്ങൾ പരിശോധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ തദ്ദേശ അധികാരികളെ അനുവദിക്കണമെന്ന ബോംബെ, കേരള എന്നിവയുൾപ്പെടെ ചില ഹൈകോടതികളുടെ തീരുമാനങ്ങൾക്കെതിരെ മൃഗസ്നേഹികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.