ഹസാരിബാഗ്: മോദി സർക്കാർ ജോലി നൽകാതെ യുവാക്കളെ വഞ്ചിച്ചുവെന്ന് ചുണ്ടിക്കാട്ടി ഝാർഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിക്ക് എതിരെ സംയുക്ത സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബജ്റംഗ് ദൾ അടക്കമുള്ള ഹിന്ദുത്വസംഘടനകൾ. എ.എച്ച്.പി, രാഷ്ട്രീയ ബജ്‌റംഗ് ദൾ എന്നിവയുൾപ്പെടെ സംഘ്പരിവാറുമായി ആശയപരമായി അടുപ്പമുള്ള നിരവധി ദേശീയ, പ്രാദേശിക ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഹിന്ദു രാഷ്ട്ര സംഘ് എന്ന പേരിൽ സംഘടന രൂപവത്കരിച്ചാണ് മത്സരം.
ബിജെപി സ്ഥാനാർഥിയും 10 വർഷമായി എം.എൽ.എയുമായ മനീഷ് ജയ്‌സ്വാളിനെതിരെ ശശിഭൂഷൺ കേസരിയെയാണ് മത്സരിപ്പിക്കുന്നത്. ഇവിടെയുള്ള ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്ന് ഹിന്ദു രാഷ്ട്ര സംഘം നേതാവും ബാരാ അഖാഡ തലവനുമായ വിജയാനന്ദ് ദാസ് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകാനാണ് തങ്ങൾ പോരാടുന്നതെന്നും എം.എൽ.എ ആയിരിക്കെ മനീഷ് ജെയ്സ്വാൾ ഹസാരിബാഗ് മണ്ഡലത്തിന് കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും ഹിന്ദു രാഷ്ട്ര സംഘ് സ്ഥാനാർഥ് കേസരി പറഞ്ഞു.
ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ജയ് പ്രകാശ് ഭായ് പട്ടേലാണ് ഇൻഡ്യ മുന്നണി സ്ഥാനാർഥി. മേയ് 20 നാണ് ഇവിടെ തെരഞ്ഞെടുപ്പ്. ഏപ്രിൽ 26 ന് നാമനിർദ്ദേശ പത്രിക സ്വീകരിച്ചുതുടങ്ങും.
അതേസമയം, കഴിഞ്ഞ 10 വർഷമായി എംഎൽഎ എന്ന നിലയിൽ താൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടന്ന് ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ബിജെപി സ്ഥാനാർഥി മനീഷ് ജയ്‌സ്വാൾ പറഞ്ഞു. ‘ഹസാരിബാഗിലെ 500ലധികം ക്ഷേത്രങ്ങൾ നവീകരിച്ചു, ചൗപരൻ, ബർഹി, ബിഷ്ണുഗർ തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള റോഡുകൾ നന്നാക്കി, ഹസാരിബാഗിൽ നദിക്ക് കുറുകെ പാലം നിർമ്മിച്ചു’