ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം ഒരു രൂപ നാണയങ്ങളുടെ രൂപത്തിൽ നൽകി സ്വതന്ത്രസ്ഥാനാർഥി. തെലങ്കാനയിലെ കരീംനഗർ ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മാനസ റെഡ്ഡിയാണ് കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തി നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണമായി ഒരു രൂപ നാണയങ്ങൾ നൽകിയത്.
തന്റെ സ്ഥാനാർഥിത്വത്തെ പിന്തുണക്കുന്ന ആളുകളിൽ നിന്നും പിരിച്ചെടുത്ത നാണയങ്ങളാണ് അവർ കലക്ടറേറ്റിൽ കെട്ടിവെച്ചത്. 25,000 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കേണ്ടത്. എന്നാൽ, ആളുകളിൽ നിന്നും തനിക്ക് 30,000 രൂപ ലഭിച്ചുവെന്ന് മാനസ റെഡ്ഡി പറഞ്ഞു.
26 വയസുള്ള മാനസ റെഡ്ഡി സിവിൽ എൻജിനീയറിങ് ബിരുദദാരിയാണ്. 2021ൽ ഇവർ രൂപകൽപന ചെയ്ത ചെലവ് കുറഞ്ഞ വീടുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. 40 മുതൽ 100 സ്വകയർ യാർഡിൽ നിർമിക്കാമെന്നതായിരുന്നു വീടുകളുടെ പ്രധാന പ്രത്യേകത. മൂന്നര ലക്ഷം മുതൽ അഞ്ചര ലക്ഷം വരെയാണ് പരമാവധി ചെലവ്. 20 ദിവസം കൊണ്ട് നിർമാണം പൂർത്തിയാവുകയും ചെയ്യും.
കഴിഞ്ഞ ദിവസം ഒരു കുട്ട നിറയെ നാണയങ്ങളുമായാണ് മാനസ കലക്ടറേറ്റിലെത്തിയത്. നാണയങ്ങളുമായെത്തിയ മാനസയെ പൊലീസ് തടഞ്ഞുവെങ്കിലും വിശദമായ പരിശോധനക്കൊടുവിൽ കലക്ടറേറ്റിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു.
സൗജന്യ വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ വികസനം, ജൈവവളം, കർഷകർക്ക് മിനിമം താങ്ങുവില എന്നിവയെല്ലാമാണ് മാനസയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. ഓട്ടോ ഡ്രൈവർമാർക്ക് 2,000 രൂപ ഓണറേറിയം, രണ്ട് പെൺമക്കളുള്ള കുടുംബങ്ങളിലെ രക്ഷിതാക്കൾക്ക് പ്രതിവർഷം 10,000 രൂപ, 200 ഗ്രാമങ്ങളിൽ സോളാർ വൈദ്യുതി എന്നിവയാണ് മാനസയുടെ മറ്റ് വാഗ്ദാനങ്ങൾ.