കൊച്ചി: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകൾക്ക് കാലോചിതമായ മാറ്റം വരുത്തി കൊച്ചിൻ ദേവസ്വം ബോർഡ്. 12 നമസ്കാരം, കാൽകഴുകിച്ച് ഊട്ട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന വഴിപാട് സമാരാധന എന്ന പേരിലേക്ക് മാറ്റാനാണ് തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡ് ഭരണ സമിതിയും അഖില കേരള തന്ത്രി സമാജവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം സ്വീകരിച്ചത്.
ക്ഷേത്രത്തിൽ പൂജാ സന്ദർഭത്തിൽ നിവേദ്യ സമയത്ത് പൂജാർഹരായവരെ ക്ഷണിച്ച് ഓരോരുത്തരെയും ദേവസമന്മാരായി സങ്കൽപ്പിച്ച് പൂജിക്കുന്നതാണ് ചടങ്ങ്. ഓരോരുത്തരേയും ഇരുത്തി മന്ത്രപൂരിതമായ പുറ്റുമണ്ണ് വെക്കും, തന്ത്രി കിണ്ടിയിലെ തീർത്ഥജലം കൊടുക്കും, മുഖവും കൈകളും കാലിലും ഒഴിച്ച് കഴുകി ശുദ്ധിവരുത്തും. ഇവരെ ദേവസങ്കൽപ്പത്തിൽ തന്ത്രി തന്നെ പൂജിച്ച് നിവേദ്യത്തിന്റെ ഒരുഭാഗം വിളമ്പി നൽകും. തുടർന്ന് ഇവർക്ക് ദ്രവ്യ താമ്പൂല വസ്ത്രങ്ങൾ കൊടുത്ത് നമസ്കരിക്കുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്.ക്ഷേത്രപൂജക്ക് അർഹരായ എല്ലാ വ്യക്തികൾക്കും പൂജാർഹരായി ഈ ചടങ്ങിൽ പങ്കെടുക്കാവുന്നതാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രങ്ങളിൽ പ്രസ്തുത പൂജ സമാരാധന എന്ന പേരിലാണ് ഇനി മുതൽ അറിയപ്പെടുക.