ദില്ലി: ലോക‌്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 88 മണ്ഡലങ്ങളില്‍. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ഇവയില്‍ 73 എണ്ണം ജനറല്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളും 6 എണ്ണം ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മണ്ഡലങ്ങളും 9 എണ്ണം ഷെഡ്യൂള്‍ഡ് കാസ്റ്റ് മണ്ഡലങ്ങളുമാണ്. 15.88 കോടി വോട്ടര്‍മാരും 1202 സ്ഥാനാര്‍ഥികളും 1.67 ലക്ഷം പോളിംഗ് ബൂത്തുകളുമാണ് രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിലുള്ളത്.
രണ്ടാംഘട്ട വോട്ടിംഗിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാല് സ്പെഷ്യല്‍ ട്രെയിനുകളും മൂന്ന് ഹെലികോപ്റ്ററുകളും എണ്‍പതിനായിരത്തോളം വാഹനങ്ങളും തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നു. അതിശക്തമായ സുരക്ഷയാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളില്‍ വെബ്‌കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 251 നിരീക്ഷകരാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ഇവരില്‍ 89 പേര്‍ ജനറല്‍ നിരീക്ഷകരും 53 പേര്‍ പൊലീസ് നിരീക്ഷകരും 109 പേര്‍ ചിലവുകള്‍ നിരീക്ഷിക്കാന്‍ വേണ്ടിയിരുള്ള നിരീക്ഷകരുമാണ്. 4553 ഫ്ലൈയിംഗ് സ്‌ക്വാഡുകളെയും 5371 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും 1462 വീഡിയോ സര്‍വൈലന്‍സ് ടീമുകളെയും 877 വീഡിയോ നിരീക്ഷണ ടീമുകളെയും രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് വിന്യസിച്ചിട്ടുണ്ട്. 1237 അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളും 263 രാജ്യാന്തര ചെക്ക് പോസ്റ്റുകളും വഴിയുള്ള നിരീക്ഷണവും ശക്തം.
രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15.88 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഇതില്‍ 8.08 കോടിയാളുകള്‍ പുരുഷന്‍മാരും 7.8 കോടിയാളുകള്‍ വനിതകളും 5929 പേര്‍ ട്രാന്‍സ്‌ജന്‍ഡറുകളുമാണ്. 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയിലുണ്ട്. 20-29 വയസ് പ്രായപരിധിയിലുള്ള 3.28 കോടി യുവ വോട്ടര്‍മാരും 85 വയസിലധികം പ്രായമുള്ള 14.78 ലക്ഷം വോട്ടര്‍മാരും രണ്ടാംഘട്ടത്തിന്‍റെ പ്രത്യേകതയാണ്. 100 വയസിന് മുകളിലുള്ള 42226 വോട്ടര്‍മാരും ഈ ഘട്ടത്തില്‍ വോട്ടിംഗിന് അര്‍ഹരാണ്. 14.7 ലക്ഷം ഭിന്നശേഷിക്കാരും രണ്ടാംഘട്ട തെരഞ്ഞെടുപ്പിലുണ്ട്. 1098 പുരുഷന്‍മാരും 102 വനിതകളുമടക്കം 1202 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.